2016ലെ കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിന് പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസി അര്‍ജന്റീനയില്‍ നിന്ന് താത്കാലികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ട് മാസത്തിന് ശേഷം മെസി ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. അതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മെസി. ലുസു ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇതിഹാസം.
‘ബാഴ്‌സലോണയിലുള്ളപ്പോള്‍ ഞങ്ങള്‍ എല്ലാം ജയിക്കുകയായിരുന്നു, അവിടെ ഞാന്‍ എന്നെത്തന്നെ ആസ്വദിച്ചു, ഞാന്‍ സന്തോഷവാനായിരുന്നു, അത് എനിക്ക് മികച്ച സ്ഥലമായിരുന്നു. പിന്നെ ഞാന്‍ അര്‍ജന്റീനയിലേക്ക് പോകും! അത് തികച്ചും വിപരീതമായിരുന്നു. അവിടെ ഞാന്‍ ഒരു അപരിചിതനെപ്പോലെയായിരുന്നു.
വിജയങ്ങളൊന്നും നേടാന്‍ സാധിക്കാത്തതിനാല്‍ അവര്‍ എന്നെ അപമാനിച്ചു. ഒരു ഘട്ടത്തില്‍ ദേശീയ ടീമിലേക്ക് തിരിച്ചു പോകുന്നില്ലെന്ന് ഞാന്‍ പറഞ്ഞു, തീരുമാനത്തില്‍ ഞാന്‍ വളരെയധികം ഖേദിക്കുന്നുവെന്നും പറഞ്ഞു, ദേശീയ ടീമില്‍ എനിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് കരുതി.
മെസി ലോകകപ്പ് കിരീടവുമായി-Photo: People.com
എന്നാല്‍ എന്നെ ആശ്രയിച്ചിരുന്ന, എന്നെ ആവശ്യമുള്ള, പോകരുതെന്ന് ആവശ്യപ്പെട്ട യുവതാരങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് എനിക്ക് ശക്തമായി തോന്നിയത്. അവര്‍ എന്നോട് പോകരുതെന്ന് പറഞ്ഞു, ഞാന്‍ പോയാല്‍ ടീമിന് മറ്റൊരു ഫൈനലിലെത്താന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. അത് എന്റെ മനസില്‍ തന്നെ തുടര്‍ന്നു,’ മെസി പറഞ്ഞു.
2016ന് ശേഷം 2021ലും 2024ലും കോപ്പ അമേരിക്ക സ്വന്തമാക്കിയ മെസി വലിയ ആവേശമാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ സൃഷ്ടിച്ചത്. ഇതിനിടയില്‍ 2022ല്‍ കിട്ടാക്കനിയായിരുന്ന ഫിഫ ലോകകപ്പ് സ്വന്തമാക്കാനും മെസിക്ക് സാധിച്ചു. നിലവില്‍ എം.എല്‍.എസില്‍ ഇന്റര്‍മയാമിക്ക് വേണ്ടി കളിക്കുന്ന മെസി 2025ല്‍ എം.എല്‍.എസ് കിരീടവും സ്വന്തമാക്കിയിരുന്നു.
ഇതോടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ 46 കിരീടങ്ങള്‍ സ്വന്തമാക്കാന്‍ മെസിക്ക് സാധിച്ചു. മാത്രമല്ല ഒമ്പത് ബാലണ്‍ ഡി ഓര്‍ അവാര്‍ഡും കരിയറില്‍ മെസി സ്വന്തം പേരില്‍ കുറിച്ചു. നിലവില്‍ ഫുട്‌ബോളില്‍ 890 ഗോളുകളുമായാണ് മെസിയുടെ കുതിപ്പ്.
ഇനി 2026 ഫിഫ ലോകകപ്പില്‍ മെസി അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പില്‍ കളിക്കുന്നതിനെക്കുറിച്ച് ഔദ്യോഗികമായി മെസി സംസാരിച്ചിട്ടില്ല. വിരമിക്കലിനോട് അടുത്തിരിക്കുന്ന മെസി ലോകകപ്പില്‍ നീലപ്പടയ്ക്കായി ബൂട്ട് കെട്ടുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
Content Highlight: Messi talks about changing his retirement decision