പെനാൽട്ടി നഷ്ടപ്പെടുത്തിയപ്പോൾ ദേഷ്യം വന്നു; പോളണ്ടുമായുള്ള മത്സരത്തെക്കുറിച്ച് ലയണൽ മെസി
2022 FIFA World Cup
പെനാൽട്ടി നഷ്ടപ്പെടുത്തിയപ്പോൾ ദേഷ്യം വന്നു; പോളണ്ടുമായുള്ള മത്സരത്തെക്കുറിച്ച് ലയണൽ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st December 2022, 1:44 pm

ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ ഭാവി തീരുമാനിക്കപ്പെട്ട മത്സരമായിരുന്നു പോളണ്ടിനെതിരെയുള്ളത്. ഗ്രൂപ്പ്‌ സ്റ്റേജിലെ അവസാന ഘട്ട മത്സരത്തിൽ പോളണ്ടിനെ എണ്ണം പറഞ്ഞ രണ്ട് ഗോളുകൾക്ക് തകർത്തുകൊണ്ടാണ് അർജന്റീന അവസാന 16 ലേക്ക് യോഗ്യത നേടിയത്.

പോളണ്ടിനെതിരെയുള്ള മത്സരത്തിലെ വിജയം കൂടി ചേർന്നപ്പോൾ രണ്ട് വിജയവും ഒരു പരാജയവുമായി അർജന്റീന ആറ് പോയിന്റുകളോടെ ഗ്രൂപ്പ്‌ സി ചാമ്പ്യൻമാരായി റൗണ്ട് ഓഫ് സിക്സ്റ്റീനിലേക്ക് കടക്കുകയായിരുന്നു.

മത്സരത്തിന്റെ 46ാം മിനിട്ടിൽ സെൻട്രൽ മിഡ്ഫീൽഡറായ മക്കാലിസ്റ്ററും 67ാം മിനിട്ടിൽ ഫോർവേഡ് താരം ജൂലിയൻ അൽവാരസുമാണ് അർജന്റീനയുടെ വിജയ ഗോളുകൾ നേടിയത്.എന്നാൽ കളിയിൽ ഏറ്റവും ഞെട്ടിക്കുന്ന നിമിഷം ഉണ്ടായത് 39ാം മിനിട്ടിൽ ആയിരുന്നു പെനാൽട്ടി ബോക്സിൽ ഫൗൾ ചെയ്യപ്പെട്ടതിന് അർജന്റീനക്ക് അനുകൂലമായി വിധിക്കപ്പെട്ട പെനാൽട്ടി പോളിഷ് ഗോളി വോഷ്നിഹ് സ്റ്റാൻസി തട്ടിയകറ്റി.

ബോക്സിന്റെ വലത് മൂലയെ ലക്ഷ്യം വെച്ച് മെസി തൊടുത്ത ഷോട്ടാണ് സ്റ്റാൻസി കൃത്യമായ കണക്കുകൂട്ടലുകളോടെ തട്ടിയകറ്റിയത്. പോളിഷ് ആരാധകർ ആർത്തട്ടഹസിച്ച നിമിഷത്തിൽ സ്റ്റേഡിയത്തിലെ അർജന്റീന ആരാധകർ നിരാശയാൽ തലകുനിച്ചു. പെനാൽട്ടി നഷ്ടമാക്കിയപ്പോൾ തനിക്ക് അതിയായ ദേഷ്യം വന്നു എന്നാണ് മത്സര ശേഷം മെസി പറഞ്ഞത്. പക്ഷെ തന്റെ പിഴവിനെ തുടർന്ന് ടീം മികവോടെ കളിച്ചെന്നും ആദ്യ ഗോളിന് ശേഷം മത്സരം തങ്ങൾക്ക് അനുകൂലമായതായി ടീം അംഗങ്ങൾക്ക് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങളിലെ പോരായ്മകൾ നികത്തി മികച്ച ഒത്തിണക്കത്തോടെയാണ് അർജന്റീന പോളണ്ടിനെതിരെ കളിച്ചത്. തുടക്കം മുതൽ ആക്രമണത്തിലൂന്നി കളിച്ച അർജന്റീനക്ക് മുമ്പിൽ പോളണ്ട് അപ്രസക്തരായിരുന്നു. വിജയത്തോടെ ഗ്രൂപ്പ്‌ ചാമ്പ്യൻമാരായ മെസിക്കും സംഘത്തിനും ഓസ്ട്രേലിയയാണ് റൗണ്ട് ഓഫ് സിക്സ്റ്റീനിലെ എതിരാളികൾ.


അർജന്റീനയോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലുള്ള പോളണ്ടും റൗണ്ട് ഓഫ് സിക്സ്റ്റീൻ ഉറപ്പിച്ചു. കരുത്തരായ ഫ്രാൻസിനെയാണ് പോളണ്ടിന് റൗണ്ട് ഓഫ് സിക്സ്റ്റീനിൽ നേരിടേണ്ടി വരിക.

Content Highlights:messi said angry for having missed the penalty