വ്യാപാരി കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍; മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് നിഗമനം
Kerala News
വ്യാപാരി കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍; മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് നിഗമനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th December 2022, 9:41 am

കോഴിക്കോട്: വടകര മാര്‍ക്കറ്റ് റോഡില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പലവ്യഞ്ജന കട നടത്തുന്ന അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജന്‍ (62)ആണ് മരിച്ചത്.

മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്.

പതിവ് സമയം കഴിഞ്ഞിട്ടും രാജന്‍ രാത്രിയില്‍ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ അന്വേഷിച്ച് കടയില്‍ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു.

കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. വ്യാപാരിയുടെ മോട്ടോര്‍ ബൈക്കും കാണാതായി. മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

Content Highlight: Merchant Found Dead Inside his Shop at Vadakara