തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ ശ്രദ്ധേയയായ നടിയാണ് മേനക. എണ്‍പതുകളിലെ തിരക്കുള്ള നടിയായിരുന്നു മേനക. നടി അഭിനയിച്ച 116 ചിത്രങ്ങളില്‍ കൂടുതലും മലയാളത്തിലായിരുന്നു. പല മുന്‍നിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്.
നടന്‍ ശങ്കറിനെ കുറിച്ച് സംസാരിക്കുകയാണ് മേനക. താന്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൂടെ ആണെന്നും എന്നാല്‍ എല്ലാവരും പറയുന്നത് മേനക – ശങ്കര്‍ എന്നാണെന്നും മേനക പറയുന്നു. താന്‍ ശങ്കറിനോടൊപ്പം അഭിനയിക്കുന്നത് കാണാന്‍ നല്ല രസമാണെന്നും ശങ്കര്‍ വേറെ ആരുടെ കൂടെ അഭിനയിച്ചാലും തങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് തന്റെ മക്കള്‍ പറയുമായിരുന്നുവെന്നും മേനക പറഞ്ഞു.
ഒരിക്കല്‍ ഒരു കടയില്‍ പോയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ആള്‍, താന്‍ ശങ്കറിനെ വിവാഹം കഴിക്കുമെന്ന് കരുതിയിരുന്നുവെന്ന് പറഞ്ഞെന്നും അപ്പോള്‍ തന്നെ ഉറക്കെ ചിരിച്ചെന്നും നടി കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് മേനക.
‘ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചത് മമ്മൂക്കയുടെ കൂടെയാണ്. എന്നാലും എല്ലാവരും പറഞ്ഞത് ശങ്കര്‍ മേനക എന്നാണ്. ഈയിടെ ഞാന്‍ ശങ്കറിനോട് പറഞ്ഞു, ആളുകള്‍ ഇങ്ങനെയൊക്കെ പറയും എന്ന് അന്നേ അറിഞ്ഞിരുന്നുവെങ്കില്‍ നമുക്ക് കുറച്ചുകൂടെ പടങ്ങള്‍ ചെയ്യാമായിരുന്നുവെന്ന്.
എന്റെ മക്കള്‍ തന്നെ പറയാറുണ്ട്. അമ്മ ശങ്കര്‍ അങ്കിളിനോടൊപ്പം അഭിനയിക്കുന്നത് കാണാന്‍ നല്ല രസമാണ്. അങ്കിള്‍ വേറെ ആരുടെ കൂടെ അഭിനയിച്ചാലും ഞങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന്.
ഈയിടെ ഞാനൊരു കടയില്‍ചെന്നു. ഒരുകാര്യം ചോദിച്ചാല്‍ തെറ്റിദ്ധരിക്കുമോ എന്ന് ചോദിച്ചു കടയുടമ. ‘സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ കുട്ടികളൊക്കെ കരുതിയത് ശങ്കറും മേനകയും കല്യാണം കഴിക്കും എന്നായിരുന്നു’ എന്ന്. അയാള്‍ പറയുന്നത് കേട്ട് ഞാനുറക്കെ ചിരിച്ചു. ഇതുപോലെ അന്നത്തെ പിള്ളേര്‍ക്കൊക്കെ നല്ല ഹരമായിരുന്നു ഞങ്ങളുടെ അഭിനയമെന്ന് ഞാന്‍ അറിയുന്നത് കുറെക്കഴിഞ്ഞായിരുന്നുവല്ലോ,’ മേനക പറയുന്നു.