മമ്മൂട്ടിക്ക് തന്റെയും സുരേഷിന്റെയും വിവാഹത്തിന് എതിര്‍പ്പായിരുന്നുവെന്ന് പറയുകയാണ് മേനക. ഒരിക്കല്‍ ഒരു സിനിമയുടെ സെറ്റില്‍ വെച്ച് മമ്മൂട്ടി തന്നോട് സുരേഷുമായുള്ള ബന്ധം നിര്‍ത്താന്‍ പറഞ്ഞുവെന്നും മേനക പറയുന്നു. ‘ബ്രാഹ്‌മണനാണ്, നിന്റെ രീതി വേറെയാണ്. അവനെ എനിക്ക് അറിയാം വേറെ ആള്‍ക്കാരാണ്. നിങ്ങള്‍ രണ്ടുപേരും ഒരിക്കലും ചേരില്ല’ എന്നാണ് മമ്മൂട്ടി അന്ന് പറഞ്ഞതെന്നും നടി കൂട്ടിച്ചേര്‍ത്തു.
അത് തനിക്ക് വാശിയായെന്നും തങ്ങള്‍ നന്നായി ജീവിച്ച് കാണിക്കുമെന്ന് പറഞ്ഞെന്നും മേനക വ്യക്തമാക്കി. അമൃത ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മേനക.
‘ഒരു സെറ്റില്‍ വെച്ച് മമ്മൂക്ക എന്നോട് സുരേഷേട്ടനുമായുള്ള കല്യാണം വെണ്ടെന്ന് പറഞ്ഞു. സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുകയായിരുന്നു. ഞാനും മമ്മൂക്കയും ഡയലോഗ് പറഞ്ഞ് മരിക്കുന്ന സീനാണ് എടുക്കേണ്ടത്.
റിഹേഴ്‌സല്‍ എല്ലാം കഴിഞ്ഞപ്പോള്‍ എനിക്ക് ഫോണ്‍ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു. പോയി വന്നപ്പോള്‍ താഴെ മമ്മൂക്ക കിടക്കുകയായിരുന്നു. അവനായിരിക്കും അല്ലെ എന്ന് ചോദിച്ചു. നിങ്ങള്‍ക്ക് അതിന് എന്താണെന്ന് ഞാനും ചോദിച്ചു. കൊച്ചേ ഞാന്‍ ഒരു കാര്യം പറയാം നീ ബ്രാഹ്‌മണനാണ്, നിന്റെ രീതി വേറെയാണ്. അവനെ എനിക്ക് അറിയാം വേറെ ആള്‍ക്കാരാണ്. നിങ്ങള്‍ രണ്ടുപേരും ഒരിക്കലും ചേരില്ലെന്ന് മമ്മൂക്ക പറഞ്ഞു.
നിന്റെയും അവന്റെയും നന്മക്ക് വേണ്ടിയാണ് പറയുന്നതെന്നൊക്കെ അദ്ദേഹം വളരെ സീരിയസായിട്ട് പറഞ്ഞു. ഞങ്ങള്‍ നന്നായിട്ട് ജീവിക്കും കാണിച്ച് തരാമെന്നൊക്കെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇപ്പോള്‍ അദ്ദേഹം സുരേഷേട്ടനോട് അതിനെ പറ്റി പറയാറുണ്ട്,’ മേനക പറയുന്നു.