കെ.എം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ ഭൂമി അനുവദിച്ച് സംസ്ഥാന സർക്കാർ
Kerala
കെ.എം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ ഭൂമി അനുവദിച്ച് സംസ്ഥാന സർക്കാർ
ശ്രീലക്ഷ്മി എ.വി.
Wednesday, 14th January 2026, 4:21 pm

തിരുവനന്തപുരം: കെ.എം മാണി ഫൗണ്ടേഷന് തിരുവനന്തപുരം നഗരത്തിൽ സ്ഥലം അനുവദിച്ച് സംസ്ഥാന സർക്കാർ.

കാവടിയാറിൽ കെ.എം മാണി സാമൂഹിക പഠനകേന്ദ്രത്തിന് 25 സെന്റ് ഭൂമി നൽകാനാണ് സർക്കാരിന്റെ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കുമെന്ന കേരള കോൺഗ്രസ് എം.ചെയർമാൻ ജോസ്.കെ.മാണിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സർക്കാരിന്റെ ഭൂമിനൽകാനുള്ള തീരുമാനം.

മുപ്പത് വർഷത്തേക്ക് പാട്ടത്തിനായി ഭൂമി നൽകുമെന്നും പ്രതിവർഷം പാട്ടത്തുക 100 രൂപയായിരിക്കുമെന്നുമാണ് വിവരം. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള ഭൂമിയാണ് കെ.എം മാണി ഫൗണ്ടേഷന് നൽകിയത്.

ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്‌ക്കോ നല്‍കാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷന് സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.

ഇടത് സർക്കാർ വാഗ്ദാനം ചെയ്ത കെ.എം മാണി സ്മാരകത്തിന്റെ കാര്യത്തിൽ ആറുവർഷം കഴിഞ്ഞിട്ടും തീരുമാനം ഉണ്ടാവാത്തതിൽ
കേരള കോൺഗ്രസ് എം പ്രവർത്തകരിൽ അതൃപ്തി ഉണ്ടായിരുന്നു.

തോമസ് ഐസക് ധനമന്ത്രി ആയ സമയത്ത് കെ.എം മാണി സ്മാരകം നിർമിക്കുന്നതിനായി 2020-21 ബജറ്റിൽ അഞ്ച് കോടി രൂപ പ്രഖ്യാപിച്ചിരുന്നു.

കെ.എം മാണിയെ ബഹുമാനിക്കുന്ന വലിയൊരു വിഭാഗം കേരളത്തിലുണ്ട്. അദ്ദേഹത്തിന് സ്മാരകം നിര്‍മിക്കാനായി പണം അനുവദിച്ചത് രാഷ്ട്രീയ മാന്യതയാണെന്നുമായിരുന്നു തോമസ് ഐസക് അക്കാലത്ത് പറഞ്ഞിരുന്നത്.

മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ തള്ളിക്കൊണ്ടായിരുന്നു ജോസ്.കെ മാണി ഇന്ന് (ബുധൻ) നടത്തിയ പ്രസ്താവന.

കേരളാ കോൺഗ്രസിന് ഒറ്റ നിലപാടെയുള്ളു അത് ഇടത് പക്ഷത്തിനൊപ്പമാണെന്നും കേരളാ കോൺഗ്രസ് എവിടെയുണ്ടോ അവിടെയാണ് ഭരണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ആരാണ് ചർച്ച നടത്തുന്നതെന്നും ആരും തങ്ങളെയോർത്ത് കരയേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായിട്ടും പാര്‍ട്ടി നേതാവിന്റെ ഓര്‍മ നിലനിര്‍ത്താനുള്ള പദ്ധതികൾ നടപ്പിലാക്കാത്തതിലും ജോസ്. കെ. മാണിക്ക് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

Content Highlight: Memorial for KM Mani in the capital; State government allocates land in Kavadiyar

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.