ലോഹിതദാസിന്റെ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍. കുറഞ്ഞ സമയംകൊണ്ടുതന്നെ മലയാളത്തിലും തമിഴിലും കന്നഡയിലും തെലുങ്കിലും തിരക്കുള്ള താരമായി മാറാന്‍ മീരക്ക് കഴിഞ്ഞു. പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് മീര ജാസ്മിന് ലഭിച്ചു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും രണ്ടുതവണയും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്.
അഭിനയത്തിന് നിന്ന് ഇടവേളയെടുത്ത മീര ജാസ്മിന്റെ തിരിച്ച് വരവായിരുന്നു സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മകള്‍. ജയറാം, ദേവിക തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍. കൗമാരക്കാരിയുടെ അമ്മ വേഷത്തിലാണ് മീര ജാസ്മിന്‍ മകള്‍ എന്ന സിനിമയില്‍ എത്തിയത്.
ഇപ്പോള്‍ മകള്‍ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്റെ സിനിമയായതുകൊണ്ടാണ് മകള്‍ ചെയ്തതെന്ന് മീര പറയുന്നു. അമ്മയായി അഭിനയിക്കുന്നത് ഇമേജിനെ ബാധിക്കുമെന്നൊന്നും തോന്നിയിട്ടില്ലെന്നും സത്യന്‍ അന്തിക്കാട് സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുടെ കരുത്തിലും ആഴത്തിലും തനിക്ക് വിശ്വസമുള്ളതുകൊണ്ടാണ് പേടി തോന്നാത്തതെന്നും നടി പറഞ്ഞു.
‘സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്റെ സിനിമയായിരുന്നു മകള്‍ എന്നത് തന്നെയായിരുന്നു അഭിനയിക്കാമെന്ന് തീരുമാനിക്കാനുള്ള പ്രധാന ഘടകം. സത്യനങ്കിള്‍ വിളിച്ചതുകൊണ്ട് സിനിമയിലേക്കുള്ള തിരിച്ചുവരവില്‍ എനിക്ക് ഒരിക്കലും പേടി തോന്നിയിരുന്നില്ല. കൗമാരക്കാരിയായ മകളുടെ അമ്മയായി അഭിനയിക്കുന്നത് ഇമേജിനെ ബാധിക്കുമെന്നൊന്നും തോന്നിയിട്ടേയില്ല.
കാരണം സത്യനങ്കിള്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുടെ കരുത്തും ആഴവും എനിക്ക് വിശ്വാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ മകള്‍ എന്ന സിനിമയില്‍ ജൂലിയറ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഏറെ സന്തോഷത്തോടും ആത്മവിശ്വാസത്തോടുംകൂടിയാണ്. ഒരു പ്ലസ് ടു കുട്ടിയുടെ അമ്മ എന്ന വേഷത്തെ പ്രേക്ഷകര്‍ സ്വീകരിച്ചപ്പോള്‍ എന്റെ തീരുമാനം ശരിയായിരുന്നെന്നും ബോധ്യപ്പെട്ടു,’ മീര ജാസ്മിന്‍ പറയുന്നു.