സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാൻ നടിക്ക് സാധിച്ചു. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായ മീരക്ക് കരിയറിന്റെ തുടക്കത്തില്‍ തന്നെ ലോഹിതദാസ്, കമല്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ സാധിച്ചിരുന്നു.
തന്റെ അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങളടക്കം കരസ്ഥമാക്കി. തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും മീര സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് സിനിമാ കരിയറില്‍ ഒരു ഇടവേള എടുത്ത മീര സത്യന്‍ അന്തിക്കാടിൻ്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മകള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചുവന്നത്. ഇപ്പോൾ പാഠം ഒന്ന് ഒരു വിലാപം ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിൻ.
പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ ഷാഹിന എന്ന കഥാപാത്രത്തെ ചെയ്യേണ്ടി വന്നപ്പോൾ വെല്ലുവിളികളുണ്ടായിരുന്നെന്നും അഭിനയം തുടങ്ങിയ കാലത്താണ് അത്തരമൊരു കഥാപാത്രം ചെയ്തതെന്നും മീര പറയുന്നു.
ടി.വി. ചന്ദ്രൻ സംവിധാനം ചെയ്‌ത സിനിമയിൽ അവസരം കിട്ടിയത് തൻ്റെ ഭാഗ്യമായിരുന്നെന്നും അതിന് സംസ്ഥാന അവാർഡും ദേശീയ അവാർഡും ലഭിച്ചതും തൻ്റെ നേട്ടമായിരുന്നെന്നും മീര പറഞ്ഞു.
അതിനേക്കാൾ തനിക്ക് അഭിമാനം തോന്നിയത് ഇന്ത്യയുടെ പ്രസിഡന്റായ അബ്ദുൾ കലാമിൽ നിന്നും അവാർഡ് വാങ്ങാൻ കഴിഞ്ഞതാണെന്നും ആ സിനിമ തനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണെന്നും മീര പറയുന്നു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു മീര.
‘പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ ഷാഹിന എന്ന കഥാപാത്രം നെഞ്ചുകീറുന്ന ഒരനുഭവമാണ്. 15 വയസുകാരിയായ മുസ്‌ലിം പെൺകുട്ടിയുടെ വേഷം ചെയ്യുമ്പോൾ എന്റെ പ്രായം 20 ആയിരുന്നു. ഞാൻ അഭിനയം തുടങ്ങിയ കാലത്തുതന്നെ അത്തരമൊരു കഥാപാത്രത്തെ ചെയ്യേണ്ടി വന്നപ്പോൾ വെല്ലുവിളികൾ ഏറെയായിരുന്നു.
ടി.വി. ചന്ദ്രൻ സാർ സംവിധാനം ചെയ്‌ത സിനിമയിൽ അവസരം കിട്ടുന്നതുതന്നെ ഭാഗ്യമായിരുന്നു. ആ കഥാപാത്രം നായിക തന്നെയാകുന്നതും ഒടുവിൽ അതിന് സംസ്ഥാന അവാർഡും ദേശീയ അവാർഡും ലഭിക്കുന്നതുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നസമാനമായ നേട്ടമായിരുന്നു.
അതിനെക്കാളൊക്കെ എന്നെ ത്രില്ലടിപ്പിച്ചതും അഭിമാനമുണ്ടാക്കിയതും ഇന്ത്യയുടെ പ്രസിഡന്റായ അബ്ദുൾ കലാം സാറിൽ നിന്നും ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞുവെന്നതാണ്. ഏതുതരത്തിൽ നോക്കിയാലും പാഠം ഒന്ന്; ഒരു വിലാപം എന്ന സിനിമയും ഷാഹിന എന്ന കഥാപാത്രവും എനിക്ക് എന്നും പ്രിയപ്പെട്ടതാണ്,’ മീര ജാസ്മിൻ പറയുന്നു.
Content Highlight: Meera Jasmine Talking About Padam Onn Oru Vilapam Movie