യൂത്ത് ലീഗ് നേതാവിൽ നിന്നും എം.ഡി.എം.എ പിടിച്ച സംഭവം; അന്വേഷണം കർണാടകയിലേക്ക്
Kerala
യൂത്ത് ലീഗ് നേതാവിൽ നിന്നും എം.ഡി.എം.എ പിടിച്ച സംഭവം; അന്വേഷണം കർണാടകയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2025, 2:11 pm

കാസർഗോഡ്: യൂത്ത് ലീഗ് നേതാവിൽ നിന്നും എം.ഡി.എം.എ പിടിച്ച സംഭവത്തിൽ അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ച് പൊലീസ്.

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് മുന്‍ പ്രസിഡന്റ് സാദിഖലി ഉള്‍പ്പെട്ട കേസിലെ അന്വേഷണമാണ് ഇപ്പോള്‍ കര്‍ണാകടയിലേക്കും നീട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സാദിഖലിയില്‍ നിന്ന് 250 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. കഴിഞ്ഞ ദിവസം കാസര്‍കോട് ബേക്കലില്‍ നടത്തിയ പരിശോധനയില്‍ അബ്ദുല്‍ ഖാദര്‍ എന്ന വ്യക്തിയില്‍ നിന്ന് 400 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സാദിഖലിയെ പിടികൂടിയത്.

ഇരുവരും ഇപ്പോൾ ബേക്കൽ പോലീസിന്റെ കസ്റ്റഡിയിലാണ്. രണ്ടുപേരെയും റിമാൻഡ് ചെയ്തിട്ടുണ്ട്.

ഇവർക്ക് ലഹരി മരുന്ന് എത്തുന്നത് കർണാടകയിൽ നിന്നാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അതിനായാണ് അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിക്കുന്നത്. സംഭവത്തിൽ കൂടുതൽ കണ്ണികളുണ്ടെന്ന് തന്നെയാണ് പൊലീസ് വിശ്വസിക്കുന്നത്.

സാദിഖലി ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണി ആണെന്നാണ് ലഭിക്കുന്ന വിവരം. സാദിഖലി നടത്തിയ പണമിടപാടുകളും, ഫോൺ കോളുകളും അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. പൊലീസ് തൻ്റെ പിന്നാലെ ഉണ്ടെന്ന് മനസിലാക്കിയ സാദിഖലി, ഒളിവിൽ പോകാൻ ശ്രമിച്ചിരുന്നു. പിന്നീട് വയനാട് ലക്കിടിയിൽ വച്ചാണ് ഇയാൾ പിടിയിലായത്.

അതേസമയം മൂവാറ്റുപുഴയിലും എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. പേഴയ്ക്കാപ്പിള്ളി തണ്ടിയേക്കല്‍ ഷാമോനെയാണ് (28) 1.42 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. എം.ഡി.എം.എ കേസില്‍ മുമ്പും ഇയാൾ പ്രതിയായിട്ടുണ്ട്.

പ്രതിയുടെ മൊബൈല്‍ ഫോണും എക്‌സൈസ് പിടിച്ചെടുത്തു. ലഹരി ഇടപാട് നടത്താൻ ഇയാൾ മറ്റുള്ളവരുമായി വിളിച്ച ഫോണ്‍ സംഭാഷണവും കണ്ടെത്തി. ബംഗളൂരുവിൽ നിന്ന് എത്തിക്കുന്ന എം.ഡി.എം.എ ഇയാൾ പെരുമ്പാവൂര്‍, പേഴയ്ക്കാപ്പിള്ളി ഭാഗങ്ങളില്‍ വിൽക്കുകയാണ്.

 

Content Highlight: MDMA seized from Youth League leader; Investigation to Karnataka