ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
റേപ്പിസ്റ്റുകളേയും ന്യായീകരണക്കാരെയും എതിര്‍ക്കുന്ന അതേശക്തിയില്‍ ഹര്‍ത്താലിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ശക്തികളേയും വിട്ടൂവീഴ്ചയില്ലാതെ എതിര്‍ക്കണം: എം.ബി രാജേഷ്
ന്യൂസ് ഡെസ്‌ക്
Monday 16th April 2018 4:18pm

തിരുവനന്തപുരം: കത്വയിലേയും ഉന്നാവോയിലെയും ക്രൂരമായ സംഭവങ്ങള്‍ക്കും അതിനുത്തരവാദികളായവര്‍ക്കുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുമ്പോള്‍ ഇതില്‍ ഒരു സംഭവത്തെ മാത്രം അടര്‍ത്തിമാറ്റി പ്രതിഷേധത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകള്‍ ഗൂഢമായ നീക്കം നടത്തുന്നത് ജാഗ്രതയോടെ ചെറുക്കണമെന്ന് എം.ബി രാജേഷ് എം.പി.

റേപ്പിസ്റ്റുകളെയും അവരെ ന്യായീകരിക്കുന്നവരേയും മാത്രമാണ് ഇത് സഹായിക്കുക എന്ന് തിരിച്ചറിയണം. ഇന്നലെ #MystreetMyprotest എന്ന ഹാഷ്ടാഗിന് കീഴില്‍ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിന് ചില ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും പിന്തുണ തേടിയിരുന്നു.

അവരുടെ മതനിരപേക്ഷ നിലപാടുകളും ഉദ്ദേശ്യശുദ്ധിയും തിരിച്ചറിഞ്ഞു കൊണ്ട്, ആ അഭ്യര്‍ത്ഥന മാനിച്ച്, സുചിന്തിതമായി തന്നെയാണ് അതിന് പിന്തുണ കൊടുത്തത്. മാനവികതയും മതനിരപേക്ഷ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന നൂറുകണക്കിന് സ്ത്രീ-പുരുഷന്‍മാര്‍ കേരളത്തിലെമ്പാടുമെന്നതു പോലെ പാലക്കാട് ജില്ലയിലെ പലയിടങ്ങളിലും ഈ പ്രതിഷേധത്തില്‍ പങ്കാളികളായി.

എന്നാല്‍ ഇതേസമയം ഇതില്‍ പങ്കാളികളാവാത്ത മറ്റൊരു വിഭാഗം പ്രത്യേകമായും സമാന്തരമായും പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ജാഥ നടത്തിയത് കാണുകയുണ്ടായി. അതിലെ മുദ്രാവാക്യങ്ങള്‍ പ്രകോപനപരവും ഇതിന്റെ പേരില്‍ സമൂഹത്തില്‍ വിഭജനങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായകരവുമായിരുന്നു.


Dont Miss കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ സീറ്റു കിട്ടാത്തവരുടെ പ്രതിഷേധം; പാര്‍ട്ടി ഓഫിസ് അടിച്ചു തകര്‍ത്തു


തങ്ങളുടെ ബാനര്‍ ഉപയോഗിക്കാതെ മുഖംമറച്ചിരുന്ന് ഇങ്ങനെ പ്രത്യേക പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. ആ ചതിക്കുഴിയില്‍ മതനിരപേക്ഷ-ജനാധിപത്യ വാദികളും മാനവികത ഉയര്‍ത്തിപ്പിടിക്കുന്നവരും വീണുപോകരുത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഊരും പേരുമില്ലാതെ ഹര്‍ത്താലാഹ്വാനം നടത്തിയത് ഈ ഗൂഢ ശക്തികളാണെന്ന് എം.ബി രാജേഷ് പറയുന്നു.

ജമ്മു-കാശ്മീരിലെ സി.പി.ഐ(എം) ന്റെ ഏക എം.എല്‍.എ ആയ സ.മുഹമ്മദ് യൂസഫ് തരിഗാമിയും പാര്‍ട്ടിയുമാണ് കത്വ സംഭവത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ധീരമായി നിന്ന് പൊരുതിയത് എന്ന വസ്തുത പ്രധാനമാണ്.

പുറത്ത് സമരപരമ്പരകള്‍ സൃഷ്ടിച്ച് സി.പി.ഐ.എമ്മും നിയമസഭയില്‍ സ.തരിഗാമിയും വിഷയം നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്നു. ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിക്കാനും പ്രതികളെ കണ്ടുപിടിക്കാനും പുറത്ത് പാര്‍ട്ടി നടത്തിയ പ്രക്ഷോഭത്തോടൊപ്പം അകത്ത് തരിഗാമി നടത്തിയ നിര്‍ണായകവും വിട്ടുവീഴ്ചയില്ലാത്ത ഇടപെടലുകളുമാണ് കാരണമായത്.

എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തിയാണ് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സി.പി.ഐ.എം. പ്രശ്നത്തില്‍ ഇടപെടുന്നത്. അന്നെല്ലാം മൗനം പാലിച്ച ദുഷ്ടശക്തികള്‍ പെട്ടെന്നിപ്പോള്‍ അക്രമാസക്തരായി തെരുവിലിറങ്ങുന്നത് മുതലെടുപ്പിന് മാത്രമാണ്. വിദ്വേഷ പ്രചരണത്തെ വിദ്വേഷ പ്രചരണം കൊണ്ടല്ല നേരിടേണ്ടത്.

ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായ അക്രമം അഴിച്ചുവിടാന്‍ സംഘടിതമായ നീക്കം നടന്നിട്ടുണ്ട്. ഇതിലൂടെ ഈ ദുഷ്ട ശക്തികള്‍ കലാപാന്തരീക്ഷം ഉണ്ടാക്കാന്‍ ഗൂഢനീക്കം നടത്തുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ഒരു തരത്തിലും വകവച്ചു കൊടുക്കാനും വച്ചുപൊറുപ്പിക്കാനും പറ്റുന്നതല്ല.

ഇന്നത്തെ ഹര്‍ത്താല്‍ ഒരു തരത്തിലും അംഗീകരിക്കാനും ന്യായീകരിക്കാനുമാവുന്നതല്ല. റേപ്പിസ്റ്റുകളേയും ന്യായീകരണക്കാരെയും എതിര്‍ക്കുന്ന അതേ ശക്തിയില്‍ ഈ ഹര്‍ത്താലിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ശക്തികളേയും വിട്ടൂവീഴ്ചയില്ലാതെ എതിര്‍ക്കണം.

കത്വ-ഉന്നാവ സംഭവങ്ങള്‍ക്കെതിരെ മാനവികതയും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിച്ച പ്രതിഷേധമാണുയരേണ്ടത്. പ്രതിഷേധത്തിന്റെ മറവില്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്ന ശക്തികളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയും വേണമെന്നും എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Advertisement