കൗണ്ടി ടീമായ ഡര്‍ഹാമിനൊപ്പം കരാറിലെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം മായങ്ക് അഗര്‍വാള്‍. ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ 2026 സീസണിലെ അവസാന നാല് മത്സരങ്ങള്‍ക്കായാണ് താരം ഡര്‍ഹാമിനൊപ്പം ചേര്‍ന്നത്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് റഡാറിന് പുറത്തുള്ള അഗര്‍വാള്‍ തന്റെ കരിയറിലെ പുതിയ വാതായനങ്ങള്‍ തുറക്കുകയാണ്.
നിലവില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഡിവിഷന്‍ 2ല്‍ പത്ത് മത്സരങ്ങളില്‍ ഏഴ് വിജയങ്ങളോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ ടീം.
👋 Joining for the County Championship run in.
Welcome to Durham, Mayank Agarwal. 🇮🇳
👉 https://t.co/6UZJleXXti#ForTheNorth pic.twitter.com/SWduD8fE0Y
— Durham Cricket (@DurhamCricket) August 31, 2026
ദക്ഷിണാഫ്രിക്കന്‍ റെഡ് ബോള്‍ സീസണ്‍ ആരംഭിക്കുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രോട്ടിയാസ് താരം ഡേവിഡ് ബെഡ്ഡിങ്ഹാമിന് പകരക്കാരനായാണ് മായങ്ക് ഡര്‍ഹാം നിരയിലെത്തുന്നത്.

ഡേവിഡ് ബെഡ്ഡിങ്ഹാം . Photo: Durham Cricket
‘കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ നിര്‍ണായകമായ അവസാന ഘട്ട മത്സരങ്ങള്‍ക്കായി മായങ്ക് ഞങ്ങള്‍ക്കൊപ്പം ചേരുന്നതില്‍ വലിയ സന്തോഷമുണ്ട്. ദക്ഷിണാഫ്രിക്കയുടെ അന്താരാഷ്ട്ര റെഡ് ബോള്‍ സീസണ്‍ ആരംഭിക്കുന്നതിനാല്‍ ഡേവിഡ് ബെഡ്ഡിങ്ഹാം നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍, സീസണിലെ ബാക്കി മത്സരങ്ങളിലേക്ക് അന്താരാഷ്ട്ര തലത്തില്‍ പരിചയസമ്പത്തുള്ള ഒരു മികച്ച ക്രിക്കറ്ററെ കണ്ടെത്തേണ്ടത് ഞങ്ങള്‍ക്ക് അത്യാവശ്യമായിരുന്നു,’ ഡര്‍ഹാം പരിശീലകന്‍ റയാന്‍ കാംപ്‌ബെല്‍ പറഞ്ഞു.
ഈ സീസണില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് 78.58 ശരാശരിയില്‍ അഞ്ച് സെഞ്ച്വറികളും രണ്ട് അര്‍ധസെഞ്ച്വറികളും അടക്കം 943 റണ്‍സ് നേടി മികച്ച ഫോമില്‍ കളിച്ചിരുന്ന ബെഡ്ഡിങ്ഹാമിന്റെ പകരക്കാരനാവുക എന്നത് മയങ്കിന് വലിയ വെല്ലുവിളിയായിരിക്കും.
Mayank Agarwal is touching down for the final four. 🇮🇳#ForTheNorth pic.twitter.com/RfnnnvA6jX
— Durham Cricket (@DurhamCricket) August 31, 2026
2018ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മായങ്ക് 21 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 41.33 ശരാശരിയില്‍ നാല് സെഞ്ച്വറികളും ആറ് അര്‍ധസെഞ്ച്വറികളും അടക്കം 1,488 റണ്‍സ് നേടിയിട്ടുണ്ട്. 2022ലാണ് താരം അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്.
ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 124 മത്സരങ്ങളില്‍ നിന്ന് 43.98 ശരാശരിയില്‍ 21 സെഞ്ച്വറികളും 48 അര്‍ധസെഞ്ച്വറികളും അടക്കം 8,929 റണ്‍സ് നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 304 ആണ് ഫസ്റ്റ് ക്ലാസില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

മായങ്ക് അഗര്‍വാള്‍. Photo: BCCI
കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ മായങ്കിന്റെ രണ്ടാമത്തെ സീസണാണിത്. കഴിഞ്ഞ വര്‍ഷം യോര്‍ക്ക്‌ഷെയറിനായി അവസാന മൂന്ന് മത്സരങ്ങളില്‍ താരം കളിച്ചിരുന്നു.
സെപ്റ്റംബര്‍ രണ്ടിന് നോര്‍താംപ്ടണ്‍ഷെയറിനെതിരെയാണ് മായങ്ക് ഡര്‍ഹാമിനായി അരങ്ങേറ്റം കുറിക്കുക.
തുടര്‍ന്ന് മിഡില്‍സെക്‌സ് (സെപ്റ്റംബര്‍ 8), വോസെസ്റ്റര്‍ഷെയര്‍ (സെപ്റ്റംബര്‍ 15), ലങ്കാഷെയര്‍ (സെപ്റ്റംബര്‍ 24) എന്നിവര്‍ക്കെതിരെയുള്ള നിര്‍ണായക മത്സരങ്ങളിലും താരം കളത്തിലിറങ്ങും.
Content Highlight: Mayank Agarwal joins Durham for the County Championship
