'പരസ്പര സ്നേഹത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ഒരുപാട് ഉയരങ്ങളിലെത്തട്ടെ'; അഹാനെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും
Kerala
'പരസ്പര സ്നേഹത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ഒരുപാട് ഉയരങ്ങളിലെത്തട്ടെ'; അഹാനെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th September 2025, 2:23 pm

തിരുവനന്തപുരം: ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുതെന്ന സന്ദേശം പരീക്ഷാപേപ്പറില്‍ കുറിച്ച് സോഷ്യല്‍മീഡിയയുടെ ഹൃദയം കവര്‍ന്ന മൂന്നാംക്ലാസുകാരന്‍ അഹാന്‍ അനൂപിനെ ചേര്‍ത്തുനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും. തലശേരി ഒ. ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ മൂന്നാംക്ലാസുകാരനാണ് അഹാന്‍.

നിയമസഭയിലെത്തി മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും അഹാനും കുടുംബവും സന്ദര്‍ശിച്ചു. ഇരുവരും അഹാനെ അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. സഭയിലെത്തിയ അഹാനെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഹാനൊപ്പമുള്ള വീഡിയോ പങ്കിട്ടുകൊണ്ട് പറഞ്ഞു.

ചെറിയ പ്രായത്തില്‍ തന്നെ ഇത്രയും പക്വതയാര്‍ന്നതും മൂല്യവത്തായതുമായ ഒരു ചിന്ത പങ്കുവെച്ച അഹാന്‍ ഏവര്‍ക്കും മാതൃകയാണെന്നും അറിവിനൊപ്പം തിരിച്ചറിവും നേടുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണിതെന്നും മുഖ്യമന്ത്രി അഭിനന്ദിച്ചു.

‘കൊച്ചുമിടുക്കന്‍ അഹാന്‍ മാതാപിതാക്കളോടൊപ്പം ഇന്ന് നിയമസഭാ മന്ദിരത്തില്‍ വന്ന് കണ്ടിരുന്നു. പരസ്പര സ്‌നേഹത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒരുപാട് ഉയരങ്ങളിലെത്താന്‍ അഹാന് സാധിക്കട്ടെ എന്നാശംസിക്കുന്നു’, മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തും ഭാവിയും ഇതുപോലുള്ള കുഞ്ഞുങ്ങളാണെന്നും പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെയാണ് മുന്നേറുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അഹാനെയും ഈ നിലയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

അഹാനെന്ന മിടുക്കനെ നിയമസഭയില്‍ വെച്ച് കണ്ടുമുട്ടിയെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മന്ത്രി വി. ശിവന്‍കുട്ടി കുറിച്ചത്. പരീക്ഷയുടെ ഉത്തരക്കടലാസില്‍ ചുരുങ്ങിയ വാക്കുകളില്‍ വലിയ സന്ദേശം എഴുതിച്ചേര്‍ത്ത അഹാന്റെ കുറിപ്പ് നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

അന്ന് വിദ്യാഭ്യാസ മന്ത്രി അഹാന്റെ ഉത്തരക്കടലാസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഇഷ്ടപ്പെട്ട കളിക്ക് നിയമാവലി എഴുതുക എന്ന ചോദ്യത്തിനാണ് അഹാന്‍ വ്യത്യസ്തമായ ഉത്തരം നല്‍കിയത്. ഇഷ്ടപ്പെട്ട കളിയായി സ്പൂണും നാരങ്ങയും തെരഞ്ഞെടുത്ത അഹാന്‍, ഒരേ സമയം അഞ്ച് പേര്‍ക്ക് മത്സരിക്കാമെന്നും കളിക്കുമ്പോള്‍ നാരങ്ങ നിലത്തുവീണാല്‍ വീണ്ടും സ്പൂണില്‍ വെച്ച് നടക്കണമെന്നും, അടയാളപ്പെടുത്തിയ വരി തെറ്റിക്കരുതെന്നും നിലത്തുവീണ നാരങ്ങ വീണ്ടുമെടുത്ത് കളി തുടരാമെന്നും വരിതെറ്റിയാല്‍ പുറത്താക്കുമെന്നും തുടങ്ങിയ കളി നിയമങ്ങള്‍ ഉത്തരക്കടലാസില്‍ കുറിച്ചിരുന്നു.

ഈ അഞ്ച് നിയമങ്ങള്‍ക്ക് ശേഷം ആറാമതായി എഴുതിച്ചേര്‍ത്ത ‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’ എന്ന നിയമമാണ് അഹാനെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കിയത്.

ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സില്‍ പകര്‍ത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങള്‍. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നതെന്ന് അഹാന്റെ ഉത്തരക്കടലാസ് പങ്കുവെച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രി അന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അഹാനെ നേരിട്ട് കണ്ട് മുഖ്യമന്ത്രിയും വിദ്യാഭ്യസമന്ത്രിയും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

Content Highlight:  ‘May he reach great heights by embracing the values ​​of mutual love’; Chief Minister and Education Minister hold Ahan Anoop close