കൃഷ്ണ ജന്മഭൂമിയില്‍ നിന്ന് പള്ളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു
national news
കൃഷ്ണ ജന്മഭൂമിയില്‍ നിന്ന് പള്ളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th October 2020, 7:16 pm

മഥുര: ഉത്തര്‍പ്രദേശില്‍ കൃഷ്ണജന്മഭൂമിക്ക് സമീപം സ്ഥിതിചെയ്യുന്ന പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ അടുത്ത പതിനെട്ടിന് വാദം കേള്‍ക്കുമെന്ന് ജില്ലാ ജഡ്ജി സാധന റാണി ഠാക്കൂര്‍ അറിയിച്ചു.

ഈദ് ഗാഹ് മസ്ജിദ് എന്ന പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. കൃഷ്ണ ജന്മഭൂമിയിലാണ് ഈ പള്ളി നിര്‍മിച്ചിരിക്കുന്നതെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സമര്‍പ്പിച്ച ഹരജി മഥുരയിലെ ഒരു സിവില്‍ കോടതി തള്ളിയിരുന്നു. ഹരജി തള്ളിയ പശ്ചാത്തലത്തില്‍ പരാതിക്കാര്‍ അപ്പീലിന് പോവുകയായിരുന്നു.

മസ്ജിദ് സ്ഥിതി ചെയ്യുന്നത് കൃഷ്ണജന്മഭൂമിയായ കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ 13 ഏക്കര്‍ സ്ഥലത്തിനുള്ളില്‍ ആണെന്നും അവിടെ നിന്നും നീക്കം ചെയ്യണമെന്നുമായിരുന്നു ഹരജിയില്‍ പറഞ്ഞിരുന്നത്.

രജ്ഞന അഗ്നിഹോത്രിയും മറ്റ് ഏഴ്‌പേരും ചേര്‍ന്നാണ് ഹരജി സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഷാഹി മസ്ജിദ് ഈദ്ഗാഹ് ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ്, ശ്രീ കൃഷ്ണ ജന്മസ്ഥാന്‍ സേവ സന്‍സ്ഥാന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.

നിലവില്‍ പള്ളിയും ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തി മഥുരയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍ എന്ന് അഖില ഭാരതീയ തീര്‍ഥ് പുരോഹിത് മഹാസഭ പ്രസിഡണ്ട് മഹേഷ് പാഠക് പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mathura court idgah mosque krishna birthplace katra keshav dev