എം.വി. ഗോവിന്ദന് തിരിച്ചടിയുണ്ടാകുന്ന കത്ത് അദ്ദേഹം തന്നെ ചോര്‍ത്തുമോ; മലക്കം മറിഞ്ഞ് മാതൃഭൂമി
Mathrubhumi
എം.വി. ഗോവിന്ദന് തിരിച്ചടിയുണ്ടാകുന്ന കത്ത് അദ്ദേഹം തന്നെ ചോര്‍ത്തുമോ; മലക്കം മറിഞ്ഞ് മാതൃഭൂമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th August 2025, 8:28 am

കോഴിക്കോട്: ചെന്നൈയിലെ വിവാദ വ്യവസായി വ്യക്തി തര്‍ക്കങ്ങളുടെ പേരില്‍ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോക്ക് നല്‍കിയ പരാതി ചോര്‍ന്നെന്ന ആരോപണത്തില്‍ മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് മാതൃഭൂമി ദിനപത്രം. പൊളിറ്റ് ബ്യൂറോക്ക് നല്‍കിയ പരാതി എം.വി. ഗോവിന്ദന്റെ മകന്‍ ലണ്ടനിലെ സി.പി.ഐ.എം അംഗം രാജേഷ് കൃഷ്ണക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ മാതൃഭൂമിയുടെയും മറ്റു മാധ്യമങ്ങളിലെയും വാര്‍ത്ത.

കത്ത് ചോര്‍ന്നതിന് പിന്നില്‍ എം.വി. ഗോവിന്ദന്റെ മകനാണെന്ന് സംശയിക്കുന്നതായുള്ള ചൈന്നൈ വ്യവസായിയുടെ വാക്കുകളെ മുന്‍നിര്‍ത്തിയായിരുന്നു മാതൃഭൂമിയുള്‍പ്പടെയുള്ളവരുടെ വാര്‍ത്ത. എന്നാല്‍ തങ്ങളുടെ തന്നെ മുന്‍വാര്‍ത്തകളെ പൂര്‍ണമായും നിരാകരിക്കുന്ന നിലപാടാണ് ഇന്നത്തെ മാതൃഭൂമിയിലുള്ളത്.

എം.വി. ഗോവിന്ദന് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുന്ന ഒരു പരാതി അദ്ദേഹം തന്നെ ചോര്‍ത്തി നല്‍കുമോ എന്നാണ് ഇന്ന് മാതൃഭൂമി ചോദിക്കുന്നത്. മാതൃഭൂമി ദിനപത്രത്തില്‍ ‘കത്ത് ചോര്‍ച്ച; മുന ആര്‍ക്കുനേരെ?’ എന്ന തലക്കെട്ടില്‍ ബിജു പരവത്ത് തയ്യാറാക്കിയ വാര്‍ത്തയിലാണ് തങ്ങളുടെ മുന്‍വാര്‍ത്തകളെ തള്ളിക്കളയുന്ന നിലപാടുള്ളത്.

നേരത്തെ പരാതിക്കാരന്‍ തന്നെ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കത്തെന്ന് രാജേഷ് കൃഷ്ണ പറയുന്ന രേഖ ഇപ്പോള്‍ ചോര്‍ന്നു എന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയുണ്ടാക്കിയെന്ന് സ്ഥാപിക്കാന്‍ നല്‍കിയ വാര്‍ത്തയിലാണ് മാതൃഭൂമിയുടെ മലക്കം മറിച്ചില്‍. ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ ഇ.പി. ജയരാജനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും ഇന്നത്തെ വാര്‍ത്തയിലൂടെ മാതൃഭൂമി ശ്രമിക്കുന്നുണ്ട്.

കാലാവധി കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ.പി. ജയരാജന്‍ മാറിയതിനെ എം.വി. ഗോവിന്ദന്റെ കടുത്ത നിലപാടുകള്‍ കാരണം മാറ്റിനിര്‍ത്തിയതാണ് എന്ന് സ്ഥാപിക്കാനും മാതൃഭൂമി ഈ വാര്‍ത്തയിലൂടെ ശ്രമിക്കുന്നു. ഇക്കാരണത്താല്‍ ഇ.പിയായിരിക്കാം വിവാദങ്ങള്‍ക്ക് പിന്നില്‍ എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ രാജേഷ് കൃഷ്ണയുമായി ഇ.പിക്ക് ബന്ധമില്ലെന്നും ഈ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ഒരു വാര്‍ത്തയില്‍ തന്നെ വൈരുദ്ധ്യങ്ങളും മുന്‍നിലപാടുകളെ തള്ളിക്കളയുന്നതുമായ സമീപനമാണ് ഇന്ന് ഈ വിഷയത്തില്‍ മാതൃഭൂമി കൈക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ ഒരു വിവാദ വ്യവസായിയും വിവാദ യുട്യൂബര്‍ ഷാജന്‍ സ്‌കറിയയുമായി അടുത്ത ബന്ധമുള്ളയാളുമായ ഷര്‍ഷാദ് താന്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോക്ക് നല്‍കിയ പരാതി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്റെ മകന്‍ ചോര്‍ത്തി എന്ന ആരോപണവുമായി രംഗത്തുവന്നത്.

ലണ്ടനിലെ സി.പി.ഐ.എം പ്രവര്‍ത്തകനും ചലച്ചിത്ര നിര്‍മാതാവുമായ രാജേഷ് കൃഷ്ണക്കെതിരെ നല്‍കിയ പരാതിയാണ് ചോര്‍ത്തിയത് എന്നായിരുന്നു ആരോപണം. നേരത്തെ ഷാജന്‍ സ്‌കറിയയെ ലണ്ടനിലെ എയര്‍പോര്‍ട്ടില്‍ വെച്ച് മര്‍ദിച്ച വ്യക്തി കൂടിയാണ് രാജേഷ് കൃഷ്ണ.

എന്നാല്‍ ഇപ്പോള്‍ ചോര്‍ന്നു എന്ന് പറയുന്ന പരാതി നേരത്തെ ആരോപണം ഉന്നയിച്ച വ്യക്തി തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചതാണെന്ന് രാജേഷ് കൃഷ്ണ പറയുന്നു. ഷര്‍ഷാദിനെതിരെ രാജേഷ് കൃഷ്ണ ദല്‍ഹി കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസിനൊപ്പം രേഖയായി ഈ പരാതികൂടി സമര്‍പ്പിച്ചിട്ടുണ്ട്. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്.

ഷര്‍ഷാദ് നേരത്തെ ഷാജന്‍ സ്‌കറിയയുമായി ചേര്‍ന്ന് മമ്മൂട്ടിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വ്യക്തിപരമായി ഷര്‍ഷാദിന് വിവിധ വ്യക്തികളുമായുണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരം പരാതികള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നിലെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു.

അദ്ദേഹത്തിന്റെ മുന്‍ പങ്കാളിയും സിനിമ സംവിധായകയുമായ രത്തീനയും ഷര്‍ഷാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. വ്യക്തപരമായ തര്‍ക്കങ്ങളാണ് ഈ പരാതികള്‍ക്കും ആരോപണങ്ങള്‍ക്കുമെല്ലാം കാരണമെന്നായിരുന്നു അവര്‍ വ്യക്തമാക്കിയത്.

content highlights: Mathrubhumi has changed its stance on the CPI-M letter leak controversy