സര്‍പ്രൈസ്! നിങ്ങളുടെ ഊഹം ശരിയാണ്; ദളപതി- ലോകേഷ് ചിത്രത്തിലേക്ക് മലയാളി താരവും
Film News
സര്‍പ്രൈസ്! നിങ്ങളുടെ ഊഹം ശരിയാണ്; ദളപതി- ലോകേഷ് ചിത്രത്തിലേക്ക് മലയാളി താരവും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 31st January 2023, 8:23 pm

ദളപതി 67 ന്റെ ഭാഗമാവാന്‍ മാത്യു തോമസും. വിജയ്- ലോകേഷ് കനകരാജ് കോമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ മാത്യുവും ഭാഗമാകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് അറിയിച്ചു. നിങ്ങള്‍ ഊഹിച്ചതു പോലെ തന്നെ മാത്യു തോമസും ദളപതി 67ന്റെ ഭാഗമാണെന്നാണ് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ട്വീറ്റ് ചെയ്തത്.

‘ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് സാറിന്റെ ചിത്രം, തമിഴില്‍ ഇതിലും നല്ലൊരു തുടക്കം കിട്ടാനില്ല,’ എന്നാണ് മാത്യു പറഞ്ഞത്. ഇന്ന് ചിത്രത്തിലെ മറ്റ് കാസ്റ്റിങ്ങും സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് പുറത്ത് വിട്ടിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലനാവുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായിക.

കഥയുടെ വണ്‍ ലൈന്‍ കേട്ടപ്പോള്‍ തന്നെ താന്‍ ഈ സിനിമയിടെ ഭാഗമാകണമെന്ന് തോന്നിയിരുന്നെന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്. ഈ യാത്ര തുടങ്ങുന്നതിന്റെ ആവേശത്തിലാണ് താനെന്നും സഞ്ജയ് ദത്ത് പറഞ്ഞു. മന്‍സൂര്‍ അലി ഖാന്‍, സംവിധായകന്‍ മിഷ്‌കിന്‍, സാന്‍ഡി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

മാസ്റ്റര്‍ സിനിമയുടെ വലിയ വിജയത്തിന് ശേഷം ലോകേഷ് കനകരാജും വിജയ്‌യും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ദളപതി 67. എസ്.എസ് ലളിത് കുമാറും ജഗദീഷ് പളനി സ്വാമിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മനോജ് പരമഹംസയാണ് സിനിമയുടെ ഛായഗ്രഹണം നിര്‍വഹിക്കുന്നത്.

ഈ വര്‍ഷം ഒക്ടോബര്‍ 19നാണ് റിലീസ്. ചിത്രത്തിന്റെ പ്രൊമോ വീഡിയോ ഫെബ്രുവരി മൂന്നിന് പുറത്തിറങ്ങും. നിലവില്‍ ചെന്നൈയില്‍ ഷൂട്ടിങ് നടക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ഫെബ്രുവരി ആദ്യ വാരം കശ്മീരിലേക്ക് മാറും. അറുപത് ദിവസത്തോളം അവിടെ ഷൂട്ടിങ് കാണും.

Content Highlight: Mathew Thomas to be part of Dalapati 67