രാജമൗലിയുടെ മാസ് - ആക്ഷന്‍ ഈച്ചയല്ല ഇത്; സ്റ്റൈലന്‍ ഈച്ചയാണ്: മാത്യു തോമസ്
Entertainment
രാജമൗലിയുടെ മാസ് - ആക്ഷന്‍ ഈച്ചയല്ല ഇത്; സ്റ്റൈലന്‍ ഈച്ചയാണ്: മാത്യു തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th April 2025, 8:05 pm

2019ല്‍ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് മാത്യു തോമസ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മാത്യു പിന്നീട് ജനശ്രദ്ധ നേടുന്നത്.

വിജയ് – ലോകേഷ് കോമ്പോയുടെ ലിയോയിലൂടെ തമിഴിലും മാത്യു തന്റെ സാന്നിധ്യമറിയിച്ചിരുന്നു. അതിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പ്രേമലുവിലും മാത്യു ചെറിയൊരു റോളില്‍ അഭിനയിച്ചിരുന്നു.

ഇപ്പോള്‍ മാത്യു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൗലി. നാനിയെ നായകനാക്കി രാജമൗലി ഒരുക്കിയ ഈച്ച എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മലയാളത്തില്‍ ഈച്ചയെ പ്രധാന കഥാപാത്രം ആക്കി എത്തുന്ന ചിത്രമാണ് ഇത്.

ടമാര്‍ പഠാര്‍ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലൗലി. ഇപ്പോള്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയുടെ കഥ കേട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് മാത്യു തോമസ്.

‘എന്നോട് ഈച്ചയുള്ള ഒരു കഥ എന്ന് പറഞ്ഞിട്ടല്ല ദിലീഷേട്ടന്‍ കഥ പറയാന്‍ വരുന്നത്. കഥ പറയുന്നതിന്റെ ഇടയിലാണ് ഇതില്‍ ഒരു ഈച്ച വരുന്നുണ്ട് എന്ന കാര്യം പറയുന്നത്.

അത് സംസാരിക്കുന്ന ഈച്ചയാണ് എന്നൊക്കെ അപ്പോഴാണ് എന്നോട് പറയുന്നത്. സിനിമയുടെ ഓര്‍ഡറില്‍ തന്നെയായിരുന്നു എന്നോട് ആ കഥ പറഞ്ഞത്. ഞാന്‍ കേട്ടപ്പോള്‍ തന്നെ വളരെ എക്‌സൈറ്റഡായിരുന്നു.

നമ്മള്‍ കണ്ട ഈച്ച സിനിമയിലെ ഈച്ച വളരെ ആക്ഷന്‍ അല്ലെങ്കില്‍ മാസായ ഈച്ചയാണ്. അത് ഒരു സ്‌റ്റൈലിഷായ ഈച്ചയാണല്ലോ. പക്ഷെ നമ്മളുടേത് സ്റ്റൈലുള്ള ഈച്ചയാണെങ്കിലും കുറച്ച് ഗോസിപ്പൊക്കെ പറയുന്ന ഈച്ചയാണ്.

നമ്മളുടേത് ഈച്ച നെക്സ്റ്റ് ഡോര്‍ എന്നൊക്കെ വിളിക്കാന്‍ പറ്റുന്നതാണ് (ചിരി). അങ്ങനെയുള്ള ഒരു ഈച്ചയാണ്. അത് വളരെ രസമായ കാര്യമായിരുന്നു. പിന്നെ സംസാരിക്കുന്ന ഈച്ച ആദ്യമായിട്ടാണല്ലോ വരുന്നത്. കഥയില്‍ കേള്‍ക്കുമ്പോള്‍ തന്നെ വളരെ എക്‌സൈറ്റഡായിരുന്നു,’ മാത്യു തോമസ് പറയുന്നു.


Content Highlight: Mathew Thomas Talks About Lovely Movie