ഇത്ര വലിയ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം നിസാരമായി ഒരുക്കാന്‍ കഴിയില്ല, പ്രേക്ഷകരെ തൃപ്തിപ്പെടുത്തണം; പ്രേമലു 2വിനെ കുറിച്ച് മാത്യു
Malayalam Cinema
ഇത്ര വലിയ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം നിസാരമായി ഒരുക്കാന്‍ കഴിയില്ല, പ്രേക്ഷകരെ തൃപ്തിപ്പെടുത്തണം; പ്രേമലു 2വിനെ കുറിച്ച് മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th October 2025, 10:27 pm

പ്രേമലു എന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം അത്ര നിസാരമായി ഒരുക്കാന്‍ കഴിയുന്നതല്ലെന്ന് നടന്‍ മാത്യു തോമസ്. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗിരീഷ് എ.ഡി ഒരുക്കി 2024ല്‍ പുറത്തിറങ്ങിയ പ്രേമലു വലിയ ജനശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നെങ്കിലും സിനിമയെ കുറിച്ചുള്ള അപ്‌ഡേഷനുകളൊന്നും വന്നിരുന്നില്ല.

ഇപ്പോള്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മാത്യു തോമസ്. പ്രേമലു 2 കുറച്ചുകൂടി വലിയ പ്രോജക്ടായാണ് പ്ലാന്‍ ചെയ്യുന്നതെന്നും ഇത്രവലിയ ഹിറ്റ് സിനിമയുടെ രണ്ടാംഭാഗം നിസാരമായി ഒരുക്കാനാവുന്നതല്ല.

‘വെറുതേ ഒരു രണ്ടാം ഭാഗം ഇറക്കുന്നതും ശരിയല്ല. പ്രേക്ഷകരെ തൃപ്തിപ്പെടുത്തണമല്ലോ. അതിനാല്‍ മികച്ചതാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉടനെയുണ്ടാവുന്ന സിനിമയായിരിക്കില്ല,’ മാത്യു പറയുന്നു.

ഗിരീഷ് എ.ഡി സഹ-രചനയും സംവിധാനവും നിര്‍വഹിച്ച് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു, ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. നസ്‌ലെന്‍, മമിത ബൈജു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ സംഗീത് പ്രതാപ്, മാത്യു തോമസ്, അഖില, മീനാക്ഷി തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.

അതേ സമയം നൗഫല്‍ അബ്ദുള്ളയുടെ സംവിധാനത്തില്‍ മാത്യു അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം നെല്ലിക്കാം പൊയില്‍ നൈറ്റ് റൈഡേഴ്‌സ് സമ്മിശ്ര പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. സിനിമയില്‍ മാത്യുവിന് പുറമെ ശരത് സഭ, അബു സലിം, മീനാക്ഷി ഉണ്ണി കൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Content highlight: Mathew Thomas says that the second part of the hit film Premalu will not be easy to make