ആ കഥാപാത്രം കുറച്ച് ഓവറാണെന്ന് എല്ലാവര്‍ക്കും അഭിപ്രായമുണ്ട്, പ്രേക്ഷകരെയോ ഒ.ടി.ടിയെയോ കുറ്റം പറയുന്നില്ല: മാത്യു തോമസ്
Entertainment
ആ കഥാപാത്രം കുറച്ച് ഓവറാണെന്ന് എല്ലാവര്‍ക്കും അഭിപ്രായമുണ്ട്, പ്രേക്ഷകരെയോ ഒ.ടി.ടിയെയോ കുറ്റം പറയുന്നില്ല: മാത്യു തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th May 2025, 7:41 pm

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച നടനാണ് മാത്യു തോമസ്. മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് മാത്യു സിനിമാലോകത്തേക്ക് കടന്നുവന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായകവേഷത്തിലൂടെ മാത്യു ശ്രദ്ധേയനായി. വിജയ് നായകനായ ലിയോയിലൂടെ തമിഴിലും മാത്യു തോമസ് തന്റെ സാന്നിധ്യമറിയിച്ചു.

മാത്യു തോമസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ബ്രൊമാന്‍സ്. ചിത്രത്തില്‍ ബിന്റോ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് നേരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മാത്യുവിന്റെ കഥാപാത്രം ഓവറാക്ടിങ്ങാണെന്നായിരുന്നു പലരും വിമര്‍ശിച്ചത്. അത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് മാത്യു തോമസ്.

തിയേറ്ററില്‍ പ്രദര്‍ശനം നടത്തിയ സമയത്ത് ആ കഥാപാത്രത്തിന് അതേ പ്രശ്‌നം ഉണ്ടായിരുന്നെന്ന് മാത്യു തോമസ് പറഞ്ഞു. എല്ലാവരും ചേര്‍ന്ന് ആ കഥാപാത്രത്തിന് നല്‍കിയ മീറ്റര്‍ തെറ്റിപ്പോയതാണ് ആ പ്രശ്‌നത്തിന് കാരണമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ആ കഥാപാത്രം ശരിക്കും ഓവറാക്ടിങ്ങാണെന്നും മാത്യു കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ ചിലയിടത്ത് ആ കഥാപാത്രത്തിന് അത്തരത്തില്‍ പെട്ടെന്ന് ദേഷ്യം വരുന്ന മെഡിക്കല്‍ കണ്ടീഷനുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ടെന്നും മാത്യു പറഞ്ഞു. ഭൂരിഭാഗം വരുന്ന പ്രേക്ഷകര്‍ക്ക് അത് വര്‍ക്കായിട്ടില്ലെന്നാണ് സത്യമെന്നും അത് താന്‍ സ്വീകരിക്കുന്നെന്നും മാത്യു തോമസ് പറയുന്നു. അത് മനസിലാക്കുക എന്നതാണ് വേണ്ടതെന്നും പ്രേക്ഷകരെയോ പ്ലാറ്റ്‌ഫോമിനെയോ കുറ്റം പറയുന്നില്ലെന്നും മാത്യു കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ ചെയ്തതിന്റെ പ്രശ്‌നമാണ് അതെന്നും എല്ലാവര്‍ക്കും കണ്‍വിന്‍സാകുന്ന രീതിയില്‍ വൃത്തിക്ക് ചെയ്യണമായിരുന്നെന്നും ഷൂട്ടിന്റെ സമയത്ത് എടുത്ത ജഡ്ജ്‌മെന്റിന്റെ പ്രശ്‌നമാണ് അതെന്നും മാത്യു തോമസ് പറഞ്ഞു. ലൗലി സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മാത്യു തോമസ്.

‘തിയേറ്ററില്‍ ആ സിനിമ പ്രദര്‍ശിപ്പിച്ച സമയത്ത് തന്നെ ഇത്തരത്തില്‍ ഒരു പ്രശ്‌നം ചൂണ്ടിക്കാണിച്ചിരുന്നു. ഈ ക്യാരക്ടര്‍ കുറച്ച് ഓവറാക്ടിങ്ങാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. സത്യം പറഞ്ഞാല്‍ ഷൂട്ടിന്റെ സമയത്ത് ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് ആ ക്യാരക്ടറിന് കൊടുത്ത മീറ്റര്‍ തെറ്റിപ്പോയതാണ് ആ പ്രശ്‌നത്തിന് കാരണം. ആ ക്യാരക്ടര്‍ സത്യത്തില്‍ ഓവറാക്ടിങ്ങാണ്.

 

ബിന്റോ എന്ന ക്യാരക്ടറിന്റ അവസ്ഥ, അതായത് അവന്റെ മെഡിക്കല്‍ കണ്ടീഷനെപ്പറ്റി പടത്തില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. പക്ഷേ, അത് മെജോറിറ്റി ഓഡിയന്‍സിന് വര്‍ക്കായിട്ടില്ലെന്നാണ് സത്യം. അത് അക്‌സപ്റ്റ് ചെയ്യുന്നു. അത്തരം വിമര്‍ശനങ്ങള്‍ മനസിലാക്കുകയാണ് വേണ്ടത്. ഓഡിയന്‍സിനെയോ പ്ലാറ്റ്‌ഫോമിനെയോ കുറ്റം പറയുന്നില്ല. എല്ലാവര്‍ക്കും കണ്‍വിന്‍സാകുന്ന രീതിയില്‍ അത് വൃത്തിക്ക് പ്രസന്റ് ചെയ്യാന്‍ പറ്റിയില്ല. ഷൂട്ടിന്റെ സമയത്ത് ഞങ്ങളെടുത്ത ജഡ്ജ്‌മെന്റിന്റെ കുഴപ്പമാണത്,’ മാത്യു തോമസ് പറയുന്നു.

Content Highlight: Mathew Thomas saying he accepts the criticism about his acting in Bromance movie