പ്രതിഷേധങ്ങൾക്കിടയിലും ഛത്തീസ്ഗഡിലെ റായ്ഗഡിൽ അദാനിയുടെ കൽക്കരി ഖനിക്കായി വൻ തോതിൽ മരങ്ങൾ മുറിക്കുന്നു
national news
പ്രതിഷേധങ്ങൾക്കിടയിലും ഛത്തീസ്ഗഡിലെ റായ്ഗഡിൽ അദാനിയുടെ കൽക്കരി ഖനിക്കായി വൻ തോതിൽ മരങ്ങൾ മുറിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th June 2025, 9:13 am

ന്യൂദൽഹി: ഛത്തീസ്ഗഡിലെ റായ്ഗഡിൽ അദാനിയുടെ കൽക്കരി ഖനിക്കായി വൻ തോതിൽ മരങ്ങൾ മുറിക്കുന്നു. ഗാരെ പാൽമ സെക്ടർ 2 കൽക്കരി ബ്ലോക്കിൽ കൽക്കരി ഖനി സ്ഥാപിക്കുന്നതിനായി ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലെ തംനാർ തെഹ്‌സിലിലെ മുഡഗാവ്, സറൈറ്റോള ഗ്രാമങ്ങളിൽ കുറഞ്ഞത് 5,000 മരങ്ങൾ മുറിച്ചുമാറ്റിയതായി ദി വയറിനോട് റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്ര സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡിന് (മഹാജെൻകോ) വേണ്ടി അദാനി ഗ്രൂപ്പായിരിക്കും ഖനി പ്രവർത്തിപ്പിക്കുക. ഖനിയിൽ നിന്ന് കുറഞ്ഞത് 655 ദശലക്ഷം മെട്രിക് ടൺ കൽക്കരി ഉത്പാദിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, 14 ഗ്രാമങ്ങളെ പദ്ധതി നേരിട്ട് ബാധിക്കും. ഏകദേശം 2,584 ഹെക്ടർ ഭൂമി ഇതിനായി ഏറ്റെടുക്കേണ്ടതുണ്ട്.

ഇതിൽ ഏകദേശം 215 ഹെക്ടർ വനഭൂമിയാണ്. അവിടെ മരങ്ങളും മറ്റ് സസ്യജാലങ്ങളും ഇല്ലാതാകും. പ്രദേശത്ത് ഇതിനകം ആറ് കൽക്കരി ഖനികൾ പ്രവർത്തനക്ഷമമാണ്. നാലെണ്ണം കൂടി നിർമാണത്തിലാണ്.

ജൂൺ 26 നായിരുന്നു വ്യാപകമായ മരംമുറിക്കൽ നടന്നത്. മുഡഗാവ്, സറൈറ്റോള ഗ്രാമങ്ങളിൽ ജൂൺ 26 ന് രാവിലെ മുതൽ കനത്ത പൊലീസ് സേനയുടെ സാന്നിധ്യത്തിൽ മരംമുറിക്കൽ നടന്നുവെന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു. സംഭവത്തിനെതിരെ പ്രതിഷേധിച്ച ഏഴ് പേരെ ലോക്കൽ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതായും ദി വയർ റിപ്പോർട്ട് ചെയ്തു.

പൂക്കൾ ശേഖരിക്കാനും പ്രതിഷേധത്തിൽ പങ്കുചേരാനും പോയ മൂന്ന് സ്ത്രീകളെയും, പ്രാദേശിക കോൺഗ്രസ് എം.എൽ.എ വിദ്യാവതി സിദാർ, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ റിഞ്ചിൻ എന്നിവരുൾപ്പെടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുറഞ്ഞത് 2,000 പൊലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചതായി ആക്ടിവിസ്റ്റുകൾ പറയുന്നു. ജൂൺ 27 നും മരംമുറി തുടർന്നു. താമസക്കാർ നിരന്തരം പ്രതിഷേധങ്ങൾ നടത്തുകയും പദ്ധതിക്കെതിരെ ഹരജികൾ സമർപ്പിക്കുകയും ചെയ്തിട്ടും, ഛത്തീസ്ഗഢ് ഹൈക്കോടതിയും ദേശീയ ഹരിത ട്രൈബ്യൂണലും ബന്ധപ്പെട്ട ഹരജികളിൽ വിധി പുറപ്പെടുവിച്ചിട്ടില്ല.

2015ൽ കൽക്കരി മന്ത്രാലയം ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലെ ഗാരെ പാൽമ സെക്ടർ 2 കൽക്കരി ഖനി മഹാരാഷ്ട്ര സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡിന് അനുവദിച്ചു . ഖനിയിൽ നിന്ന് ഏകദേശം 655.153 ദശലക്ഷം മെട്രിക് ടൺ കൽക്കരി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു.

എന്നാൽ മലിനീകരണത്തിന് കുപ്രസിദ്ധമായ ഓപ്പൺ കാസ്റ്റ് ഖനനവും ഭൂഗർഭ ഖനനവുമാണ് ഇവിടെ നടക്കുകയെന്ന് വലിയ വിമർശനം ഉയരുന്നുണ്ട്.

ഏകദേശം 7,642 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി ജില്ലയിലെ 14 ഗ്രാമങ്ങളെ നേരിട്ട് ബാധിക്കും. തിഹ്‌ലി റാംപൂർ, കുഞ്ചേമുര, ഗാരെ, സരൈതോള, മുഡഗാവ്, റാഡോപാലി, ചിത്വാഹി, ധോൾനാര, ജിങ്കബഹൽ, ദോലെസാര, ഭലുമുര, സരസ്മൽ, ലിബ്ര എന്നിവയാണ് ഗ്രാമങ്ങൾ. മഹാരാഷ്ട്ര സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡിന്റെ തന്നെ കണക്കനുസരിച്ച് ഏകദേശം 1,700 കുടുംബങ്ങൾ കുടിയിറക്കപ്പെടും.

2017 മുതൽ തദ്ദേശീയ സമൂഹങ്ങളും ആക്ടിവിസ്റ്റുകളും പദ്ധതിക്കെതിരെ പ്രതിഷേധം നടത്തിവരികയാണ്, പ്രധാനമായും പദ്ധതിയിൽ ഉൾപ്പെടുന്ന വനങ്ങളുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

 

Content Highlight: Massive Tree Felling Begins for Adani-Operated Coal Mine in Chhattisgarh’s Raigarh