സുഡാനിലെ കൂട്ടക്കൊല; സ്ഥിതി ഭയാനകം: ഐക്യരാഷ്ട്ര സഭ
World
സുഡാനിലെ കൂട്ടക്കൊല; സ്ഥിതി ഭയാനകം: ഐക്യരാഷ്ട്ര സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st October 2025, 7:38 am

ഖാർത്തൂം: സുഡാനിലെ എൽ ഫാഷറിൽ അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ.എസ്.എഫ്) നടത്തിയ കൂട്ടക്കൊലയെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. രാജ്യം ഇരുണ്ട നരകത്തിലേക്ക് അധഃപതിച്ചിരിക്കുന്നെന്ന് യു.എൻ സുരക്ഷാ കൗൺസിൽ പറഞ്ഞു.

എൽ ഫാഷറിലെ സിവിലിയന്മാരെ കൊലപ്പെടുത്തിയതിനെയും ആർ.എസ്.എഫിന് പുറത്തുനിന്നും ആയുധ വിതരണം നടത്തുന്നതിനെയും യു.എൻ വിമർശിച്ചു.

സ്ഥിതി വളരെ ഭയാനകമാണെന്ന് യു.എന്നിന്റെ ആഫ്രിക്കൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മാർത്ത അമ അക്യ പോബി ഇന്നലെ (വ്യാഴം) നടന്ന സുരക്ഷാ കൗണ്സിലിന്റെ യോഗത്തിൽ പറഞ്ഞു.

കൂട്ടക്കൊലകളുടെയും പലായനം ചെയ്യാൻ ശ്രമിക്കുന്ന സാധാരണക്കാരുടെ വീടുകൾ പരിശോധിക്കുന്നത്തിന്റെയും റിപ്പോർട്ടുകൾ യു.എൻ മനുഷ്യാവകാശ ഓഫീസിന് ലഭിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.

‘സ്ഥിതിഗതികൾ കുഴപ്പത്തിലാണ്. ഈ സാഹചര്യത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം കണക്കാൻ പ്രയാസമാകുന്നുണ്ട്. എൽ ഫാഷറിൽ ആരും സുരക്ഷിതരല്ല. നഗരം വിട്ടുപോകാൻ സാധാരണക്കാർക്ക് സുരക്ഷിതമായ ഒരു വഴിയുമില്ല. നഗരത്തിലെ ജനങ്ങൾ ഭീകരതകൾക്ക് വിധേയരാകുയാണ്,’ യു.എൻ ഹ്യുമാനിറ്റേറിയൻ ചീഫ് ടോം ഫ്ലെച്ചർ പറഞ്ഞു.

മനുഷ്യ ദുരിതത്തിന്റെ വേദിയായിരുന്നു ആ നഗരമെന്നും അത് കൂടുതൽ ഇരുണ്ട നരകത്തിലേക്ക് പോയിരിക്കുകയാണെന്നും നഗരത്തിൽ ആർ.എസ്.എഫ് കൂട്ടക്കൊലകൾ നടത്തിയെന്നുള്ളതിന് കൃത്യമായ റിപ്പോർട്ടുകൾ ഉണ്ടെന്നും ഫ്ലെച്ചർ കൂട്ടിച്ചേർത്തു.

‘നമ്മൾ യോഗം നടത്തുമ്പോഴും അവിടെ ആക്രമണം തുടരുകയാണ്. നമുക്ക് നിലവിളികൾ കേൾക്കാൻ കഴിയുന്നില്ല. സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യുന്നു. ആളുകളെ വികൃതമാക്കി കൊല്ലുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറൻ സുഡാനിലെ പ്രധാന സംസ്ഥാനമായ എൽ ഫാഷർ നഗരം വിമത സൈന്യമായ ആർ.എസ്.എഫ് പിടിച്ചെടുക്കുകയും ആയിരക്കണക്കിനാളുകളെ കൂട്ടക്കൊല ചെയ്‌തെന്ന റിപ്പോർട്ടുകളും ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ രണ്ടര വർഷമായി ആഭ്യന്തരയുദ്ധത്തിൽ വലയുന്ന സുഡാനിൽ ഇക്കാലയളവിൽ 40,000ത്തോളം പേർ കൊല്ലപ്പെടുകയും 1.2 കോടി ആളുകൾ സ്വന്തം സ്ഥലങ്ങളിൽ നിന്ന് കുടിയിറക്കപ്പെടുകയും ചെയ്‌തുവെന്നാണ് യു.എൻ കണക്ക്.

Content Highlight: Massacre in Sudan; Situation is alarming: United Nations