ഗുജറാത്തില്‍ കൂട്ടരാജി; മുഖ്യമന്ത്രി ഒഴികെ 16 മന്ത്രിമാര്‍ രാജിവെച്ചു
India
ഗുജറാത്തില്‍ കൂട്ടരാജി; മുഖ്യമന്ത്രി ഒഴികെ 16 മന്ത്രിമാര്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th October 2025, 7:41 pm

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മുഖ്യമന്ത്രി ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു. 16 മന്ത്രിമാരാണ് രാജിവെച്ചത്. നാളെ (വെള്ളി) മന്ത്രിസഭാ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാരുടെ രാജി.

എട്ട് കാബിനറ്റ് റാങ്ക് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള രണ്ട് സഹമന്ത്രിമാരും ആറ് സഹമന്ത്രിമാരുമാണ് രാജിവെച്ചത്. മന്ത്രിമാര്‍ ഔദ്യോഗിക വസതികള്‍ ഒഴിയാന്‍ തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സര്‍ക്കാരിനെയും പാര്‍ട്ടിയെയും കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് കൂട്ടരാജിക്ക് പിന്നിലെ ലക്ഷ്യം. പുതിയ മന്ത്രിസഭാ നാളെ രാവിലെ 11.30ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. എല്ലാ മന്ത്രിമാരും ഗാന്ധിനഗറില്‍ തന്നെ തുടരണമെന്ന് പാര്‍ട്ടിയുടെ നിര്‍ദേശമുണ്ട്.

പാര്‍ട്ടിക്കുള്ളില്‍ അഴിച്ചുപണി വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഗുജറാത്ത് സര്‍ക്കാരിലെ അഴിച്ചുപണി.

മന്ത്രിസഭയുടെ പുനഃസംഘാടനം സംബന്ധിച്ച് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് ഗവര്‍ണര്‍ ആചാര്യ ദേവവ്രതുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏഴ് മുതല്‍ പത്ത് വരെയുള്ള മന്ത്രിമാരെ നിലനിര്‍ത്തുമെന്നാണ് വിവരം.

ഇവരുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജാതി, പ്രദേശിക പ്രാതിനിധ്യം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും മന്ത്രിസഭ പുനഃസംഘടിപ്പിക്കുക. പുതിയ മന്ത്രിസഭയില്‍ 23 മന്ത്രിമാര്‍ ഉണ്ടാകുമെന്ന് പേര് വെളിപ്പെടുത്താത്ത ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നടക്കുന്ന മന്ത്രിസഭയുടെ ആദ്യ പുനഃസംഘാടനം കൂടിയാണിത്.

Content Highlight: Mass resignations in Gujarat; 16 ministers resign except the Chief Minister