യു.പി സംഭാലിലെ മസ്ജിദും വീടുകളും നില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയില്‍; ഒഴിയണമെന്ന് അധികൃതര്‍; പ്രതികാരമെന്ന് എം.പി
India
യു.പി സംഭാലിലെ മസ്ജിദും വീടുകളും നില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയില്‍; ഒഴിയണമെന്ന് അധികൃതര്‍; പ്രതികാരമെന്ന് എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th October 2025, 12:11 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഹതിം സരായിലെ ഒരു മുസ്‌ലിം പള്ളിയും സമീപത്തെ വീടുകളും നില്‍ക്കുന്നത് സര്‍ക്കാര്‍ കുളം എന്ന് രേഖപ്പെടുത്തിയ ഭൂമിയിലാണെന്ന് അധികൃതര്‍.

15 ദിവസത്തിനകം മറുപടി നല്‍കണമെന്നും അല്ലെങ്കില്‍ വീടും പള്ളിയും ഒഴിയണമെന്നും കാണിച്ച് ജില്ലാധികൃതര്‍ നോട്ടീസ് നല്‍കിയതോടെ ആശങ്കയിലായിരിക്കുകയാണ് ജനങ്ങള്‍.

സര്‍ക്കാര്‍ ഉടനടി നടപടിയെടുക്കരുതെന്നും ജനങ്ങളെ ലക്ഷ്യമിടരുതെന്നും സംഭാല്‍ എം.പി സിയ ഉര്‍ റഹ്‌മാന്‍ ബാര്‍ക്ക് ആവശ്യപ്പെട്ടു.

നേരത്തെ അസ്‌മോലിയിലെ മസ്ജിദ് യു.പി സര്‍ക്കാര്‍ പൊളിച്ചുമാറ്റിയത് ആശങ്കകള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഹതിം സരായിലെ പള്ളിക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്. മുസ്‌ലിം ജനതയെ ലക്ഷ്യം വെച്ചുള്ള കരുതിക്കൂട്ടിയുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

ചൊവ്വാഴ്ചയാണ് ഹതിം സാരായിലെ പ്രദേശത്തെ നിര്‍മാണങ്ങള്‍ നിയമവിരുദ്ധമാണെന്ന് കാണിച്ച് നോട്ടീസ് നല്‍കിയത്. ചില വീടുകളുടെ ചുമരുകളില്‍ നോട്ടീസ് പതിപ്പിച്ചിട്ടുമുണ്ട്. ഈ ഭൂമിയുടെ രേഖകളില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതു ആവശ്യത്തിനുള്ള കുളം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് തഹസില്‍ദാര്‍ ധീരേന്ദ്ര കുമാര്‍ സിങ് പറഞ്ഞു.

യു.പി സമീന്ദാരി അബോളിഷന്‍ ആന്റ് ലാന്റ് റിപോംസ് ആക്ട് സെക്ഷന്‍ 132 പ്രകാരം സര്‍ക്കാര്‍ ഭൂമി ആരെങ്കിലും അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെങ്കിലോ ഈ ഭൂമി മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തിയാലോ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കും, ഗ്രാമസഭകള്‍ക്ക് അതിനധികാരമുണ്ടെന്നും തഹസില്‍ദാര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.

അതേസമയം, ഭരണകൂടം ജനങ്ങളുടെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ഇത്തരത്തില്‍ ലക്ഷ്യം വെയ്ക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യരുതെന്നും സിയ ഉര്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടു.

‘എന്റെ മണ്ഡലത്തിലെ ജനങ്ങളുടെ വേദനയില്‍ പങ്കുകൊള്ളുന്നു. അവരോടൊപ്പം നില്‍ക്കുകയാണ് ഈ സാഹചര്യത്തില്‍ ചെയ്യേണ്ടത്. അവരുടെ നീതിക്കായുള്ള പോരാട്ടത്തില്‍ കൂടെത്തന്നെയുണ്ടാകും. വൈകാതെ തന്നെ ജനങ്ങള്‍ക്ക് നീതി ലഭിക്കും.

ജനങ്ങളോട് ഈ രീതിയില്‍ പെരുമാറുമാറുന്നതിലൂടെ അവരെ സര്‍ക്കാരില്‍ നിന്നും അകറ്റുകയാണ് ചെയ്യുന്നത്. ഗൂഢാലോചനയിലൂടെ പ്രതികാരം ചെയ്യമെന്ന ഉദ്ദേശത്തോടെയാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. ഇത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയാണ്’, എം.പി സിയ ഉര്‍ റഹ്‌മാന്‍ പറഞ്ഞു.

Content Highlight: masjid and houses in UP’s Sambhal stand in government pond; authorities ask to vacate; MP says it’s revenge