ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതായി മേരി കോം
Tokyo Olympics
ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതായി മേരി കോം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th July 2021, 7:42 pm

ന്യൂദല്‍ഹി: ഒളിംപിക്‌സില്‍ ഒരു പോയന്റിന്റെ വ്യത്യാസത്തില്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട മേരി കോമിന് ഐക്യദാര്‍ഢ്യവുമായി രാജ്യം. ട്വിറ്ററില്‍ മേരി കോം എന്ന ഹാഷ്ടാഗാണ് ഒന്നാമത്തെ ട്രെന്‍ഡിംഗ്.

ഇന്ത്യയിലെ കായികതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പടെ നിരവധി പേരാണ് മേരിയ്ക്ക് ആശംസയര്‍പ്പിച്ച് ട്വീറ്റ് ചെയ്തത്.

മേരി കോം എപ്പോഴും ചാമ്പ്യനായിരിക്കുമെന്ന് മുന്‍ കായിക മന്ത്രി കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു. വ്യവസായി ഹര്‍ഷ ഗോയെങ്ക, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യൂസുഫ് പത്താന്‍, ആര്‍.പി. സിംഗ്, വസീം ജാഫര്‍ തുടങ്ങിയവരും മേരി കോമിന് അഭിവാദ്യമര്‍പ്പിച്ച് ട്വീറ്റ് ചെയ്തു.

ക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലന്‍സിയയോട് തോറ്റാണ് മേരി കോം പുറത്തായത്. 3-2 എന്ന സ്‌കോറിനായിരുന്നു മേരിയുടെ തോല്‍വി. എന്നാല്‍ താന്‍ ജയിച്ചുവെന്നാണ് കരുതിയിരുന്നതെന്നും മത്സരഫലത്തില്‍ അപ്പീല്‍ നല്‍കാന്‍ സംഘാടകര്‍ അനുമതി നല്‍കിയില്ലെന്നും മേരി കോം പിന്നീട് പറഞ്ഞു.

മേരിയുടെ അവസാനത്തെ ഒളിംപിക്‌സായിരുന്നു ഇത്. പ്രീക്വാര്‍ട്ടറില്‍ 4-1 ന് ജയിച്ച മേരി ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു.

ആറുതവണ ലോക ചാമ്പ്യനായ മേരി കോം ലണ്ടന്‍ ഒളിംപിക്സില്‍ വേണ്ടി വെങ്കലം നേടിയിരുന്നു.

38 കാരിയായ മേരി കോം ഒരു വളര്‍ത്തുപുത്രിയുടെ അടക്കം നാല് മക്കളുടെ അമ്മയാണ്. അമ്മയായതിന് ശേഷവും കായികരംഗത്ത് മികച്ച നേട്ടങ്ങളാണ് മേരി സ്വന്തമാക്കിയത്.

51 കിലോഗ്രാം ഫ്ളൈവെയ്റ്റിലായിരുന്ന മേരി മത്സരിച്ചത്. ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് മേരി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mary Kom Twitter Trending Tokyo Olympics