അത് ധോണിയല്ല, സഞ്ജുവാണ്; കുല്‍ദീപിന് നെഹ്‌റയുടെ ഉപദേശം
India vs Sri Lanka
അത് ധോണിയല്ല, സഞ്ജുവാണ്; കുല്‍ദീപിന് നെഹ്‌റയുടെ ഉപദേശം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th July 2021, 5:10 pm

മുംബൈ: ഡിസിഷന്‍ റിവ്യൂ സിസ്റ്റം ഉപയോഗിക്കുന്നതില്‍ കുല്‍ദീപ് യാദവിന് മുന്‍ താരം ആശിഷ് നെഹ്‌റയുടെ ഉപദേശം. മുന്‍ നായകന്‍ ധോണിയുടെ നിഴലില്‍ നിന്ന് കുല്‍ദീപ് പുറത്തുകടക്കണമെന്ന് നെഹ്‌റ പറഞ്ഞു.

വിക്കറ്റ് കീപ്പറെ ആശ്രയിക്കാതെ എല്‍.ബി.ഡബ്ല്യൂ അപ്പീലുകളില്‍ ഡി.ആര്‍.എസ്. ഉപയോഗിക്കുന്നതിനെക്കുറിച്ച് കുല്‍ദീപ് ആലോചിക്കണമെന്ന് നെഹ്‌റ പറഞ്ഞു. ക്രിക് ബസിനോടായിരുന്നു നെഹ്‌റയുടെ പ്രതികരണം.

‘നിങ്ങളെ സഹായിക്കാന്‍ അവിടെ ധോണിയില്ല, സഞ്ജുവാണത്. അതിനാല്‍ ഡി.ആര്‍.എസ്. എടുക്കുമ്പോള്‍ ക്യാപ്റ്റനില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിങ്ങള്‍ക്കാവണം,’ നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

നേരത്തെ താനും മറ്റൊരു സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലും ധോണിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് കുല്‍ദീപ് പറഞ്ഞിരുന്നു. സ്റ്റംപിന് പിന്നില്‍ നിന്ന് ധോണി പറയുന്ന നിര്‍ദേശങ്ങള്‍ താന്‍ മിസ് ചെയ്യുന്നുണ്ടെന്നും കുല്‍ദീപ് പറഞ്ഞു.

വിക്കറ്റിന് പിന്നില്‍ ധോണിയെ പോലൊരാള്‍ നിര്‍ദേശങ്ങള്‍ തരാനുള്ളത് നല്ലതാണെന്ന് കുല്‍ദീപ് പറയുന്നു.

ധോണിയ്ക്ക് കീഴില്‍ കുല്‍ദീപിനും ചാഹലിനും ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിരുന്നു. അശ്വിന്‍-ജഡേജ സഖ്യത്തെ മറികടന്ന് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്ത സ്പിന്നര്‍മാരാകാനും കുല്‍-ചാ സഖ്യത്തിനായിരുന്നു.