സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി കരിയര്‍ ആരംഭിച്ച് ഒടുവില്‍ മലയാളത്തിലെ മികച്ച സംവിധായകനും നിര്‍മാതാവുമായ വ്യക്തിയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്. മമ്മൂട്ടിയെ നായകനാക്കി ബെസ്റ്റ് ആക്ടര്‍ (2010) എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് അദ്ദേഹം തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.
പിന്നീട് എ.ബി.സി.ഡി. (2013), ചാര്‍ളി (2015), നായാട്ട് (2021) തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തതും മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെയാണ്. സംവിധാനത്തിന് പുറമെ മികച്ച നിരവധി സിനിമകളുടെ നിര്‍മാതാവായും അദ്ദേഹം ഏറെ പ്രശസ്തനാണ്.
ഇപ്പോള്‍ ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയുടെ നിര്‍മാതാവിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. നടനാകാന്‍ മോഹിച്ച് ഗുണ്ടയാകുന്ന സ്‌കൂള്‍ അധ്യാപകന്റെ കഥ പറഞ്ഞ സിനിമയായിരുന്നു ഇത്. മോഹന്‍ എന്ന കഥാപാത്രമായി അഭിനയിച്ചത് മമ്മൂട്ടി ആയിരുന്നു.
‘മമ്മൂട്ടിക്ക് ഇഷ്ടമായ കഥയുമായി നിര്‍മാതാക്കളെ സമീപിച്ചപ്പോള്‍ അവരെല്ലാം എന്നെ മടക്കി. കാരണം കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി സൂപ്പര്‍സ്റ്റാറായാണ് വന്നത്. ഈ ചിത്രത്തിലൂടെ സിനിമയില്‍ ചാന്‍സ് ചോദിച്ച് വരുന്ന കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നായിരുന്നു അവരുടെ സംശയം.
ഒടുവില്‍ നൗഷാദ് നിര്‍മാതാവായി എത്തി. ഞാന്‍ തുടക്കക്കാരനായ സംവിധായകനാണെങ്കിലും ബജറ്റില്‍ ഒരു ലിമിറ്റേഷനും അയാള്‍ വെച്ചില്ല. ഇഷ്ടമുള്ളതുപോലെ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയില്‍ സിനിമയെടുക്കാന്‍ അദ്ദേഹം അനുവാദം തന്നു.
പലപ്പോഴായി കണ്ട സിനിമകളില്‍ നിന്നും ലൊക്കേഷനില്‍ അടുത്തറിഞ്ഞ ഡയറക്ഷനില്‍ നിന്നുമാണ് ഞാന്‍ ഡയറക്ഷന്‍ അറിഞ്ഞത്. സംവിധാനരംഗത്ത് ഇറങ്ങുന്നതിന് മുന്നോടിയായി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ അദ്ദേഹത്തിനൊപ്പം നിന്നു.
അതുപോലെ റാഫിയുടെ ലൗ ഇന്‍ സിംഗപ്പൂരിന്റെ കേരള ഷെഡ്യൂളിലും സംവിധാനസഹായിയായി. ഇതൊക്കെയായിരുന്നു എനിക്ക് ഈ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നതിന്റെ മുന്‍പരിചയം,’ മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.
Content Highlight: Martin Prakkat Talks About Producer Of Mammootty’s Best Actor Movie