സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി കരിയര്‍ ആരംഭിച്ച് ഒടുവില്‍ മലയാളത്തിലെ മികച്ച സംവിധായകനും നിര്‍മാതാവുമായ വ്യക്തിയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്. മമ്മൂട്ടിയെ നായകനാക്കി 2010ല്‍ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് അദ്ദേഹം തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.
പിന്നീട് എ.ബി.സി.ഡി. (2013), ചാര്‍ളി (2015), നായാട്ട് (2021) തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തതും മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെയാണ്. സംവിധാനത്തിന് പുറമെ മികച്ച നിരവധി സിനിമകളുടെ നിര്‍മാതാവായും അദ്ദേഹം ഏറെ പ്രശസ്തനാണ്. ഇപ്പോള്‍ ബെസ്റ്റ് ആക്ടര്‍ സിനിമയെ കുറിച്ച് പറയുകയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്.
‘സംവിധായകരായ ലാല്‍, രഞ്ജിത്ത്, ലാല്‍ ജോസ്, ബ്ലെസി തുടങ്ങിയ എല്ലാവരും ഈ സിനിമയില്‍ അഭിനയിച്ചിരുന്നു. സിനിമയുടെ കഥയും കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും എനിക്ക് നന്നായി അറിയാം, ആ ധൈര്യത്തിലാണ് എല്ലാം ചെയ്തത്.
ഇന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ടെന്‍ഷനാണ്. എങ്ങനെ അത് സാധിച്ചു എന്നതായിരുന്നു ടെന്‍ഷന്‍. സിനിമ ഇറങ്ങിയപ്പോള്‍ എറണാകുളം സവിത തിയേറ്ററില്‍ വെച്ചാണ് ഞങ്ങള്‍ സിനിമ കണ്ടത്. ചിത്രത്തിലെ സൗണ്ട് ക്വാളിറ്റി മിക്സിങ് തിയേറ്ററില്‍ നിന്ന് ഞങ്ങള്‍ അനുഭവിച്ച് അറിഞ്ഞതാണ്.
അത് തിയേറ്ററില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. രാവും പകലും ഉറക്കമൊഴിച്ച് ചെയ്ത എഫക്ടുകളൊന്നും അവിടെ കേട്ടില്ല. ഞാന്‍ തിയേറ്ററിന്റെ പ്രൊജക്ട് റൂമിലേക്ക് ഓടി. ഈ തിയേറ്ററില്‍ നിന്ന് ഇത്രയും ക്വാളിറ്റിയേ തരാന്‍ പറ്റൂ എന്നായിരുന്നു അവിടുന്ന് കിട്ടിയ മറുപടി.
പിന്നീടാണ് മനസിലായത് പല നവാഗത സംവിധായകരും സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ ഇങ്ങനെ പ്രൊജക്ടര്‍ റൂമിലേക്ക് വയലന്റായി ഓടിവരാറുണ്ടത്രേ. പക്ഷേ ഇതൊന്നും പ്രേക്ഷകര്‍ക്ക് വിഷയമായിരുന്നില്ല. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അവര്‍ ഹാപ്പിയായി.
എന്നെ പൊക്കിയെടുത്ത് തിയേറ്റര്‍ ഗ്രൗണ്ടില്‍ നൃത്തംചവിട്ടി. അവിടെ 85 ദിവസം ചിത്രം പ്രദര്‍ശിപ്പിച്ചു. അന്ന് സിനിമയുടെ തന്ത്രങ്ങള്‍ മനസിലാക്കി ഇറങ്ങിയിരുന്നെങ്കില്‍ ആ സിനിമ സുഖമായി നൂറുദിവസം ഓടിക്കാന്‍ കഴിയുമായിരുന്നു,’ മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.
Content Highlight: Martin Prakkat Talks About Mammootty’s Best Actor Movie