10ാം ക്ലാസിലെ ആ ചോദ്യത്തിനുത്തരം മമ്മൂക്ക കാണാതെ പഠിച്ചുപറഞ്ഞ് ഞങ്ങളെ ഞെട്ടിച്ചു: മാര്‍ട്ടിന്‍ പ്രക്കാട്ട്
Entertainment
10ാം ക്ലാസിലെ ആ ചോദ്യത്തിനുത്തരം മമ്മൂക്ക കാണാതെ പഠിച്ചുപറഞ്ഞ് ഞങ്ങളെ ഞെട്ടിച്ചു: മാര്‍ട്ടിന്‍ പ്രക്കാട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 8:20 pm

ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി തന്റെ കരിയര്‍ ആരംഭിച്ച വ്യക്തിയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്. 2010ല്‍ മമ്മൂട്ടിയെ നായകനാക്കി ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്.

ഒരു സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു അപര്‍ണ ഗോപിനാഥും ദുല്‍ക്കര്‍ സല്‍മാനും ഒന്നിച്ച എ.ബി.സി.ഡി. 2013ല്‍ പുറത്തിറങ്ങിയ ഈ സിനിമ ബോക്‌സ് ഓഫീസ് വിജയമായി മാറി.

2015ല്‍ എത്തിയ ചാര്‍ളിയും 2021ല്‍ പുറത്തിറങ്ങിയ നായാട്ടും സംവിധാനം ചെയ്തത് മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെയായിരുന്നു. സംവിധാനത്തിന് പുറമെ സിനിമാ നിര്‍മാതാവായും അദ്ദേഹം ഏറെ പ്രശസ്തനാണ്.

ഇപ്പോള്‍ ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയുടെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്. നടനാകാന്‍ മോഹിച്ച് ഗുണ്ടയാകുന്ന സ്‌കൂള്‍ അധ്യാപകന്റെ കഥ പറഞ്ഞ സിനിമയായിരുന്നു ഇത്. മോഹന്‍ എന്ന കഥാപാത്രമായി അഭിനയിച്ചത് മമ്മൂട്ടി ആയിരുന്നു.

‘കൊച്ചിയെ അടുത്തറിയുന്ന തിരക്കഥാകൃത്തായിരുന്നു ബിപിന്‍. അതുകൊണ്ട് തന്നെ കൊച്ചിയുടെ നാട്ടുഭാഷ പഠിച്ച് തിരക്കഥയെഴുതാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചിത്രത്തിലേക്ക് കുറെ നെടുങ്കന്‍ ഡയലോഗുകള്‍ അദ്ദേഹം എഴുതി വെച്ചിട്ടുണ്ടായിരുന്നു.

അത് കാണുമ്പോള്‍ മമ്മൂക്കയ്ക്ക് ദേഷ്യം വരും. ബിപിന്‍ അന്ന് ശനിയും ഞായറും സെറ്റില്‍ വരും ബാക്കി ദിവസങ്ങളില്‍ അധ്യാപകവൃത്തി. അങ്ങനെയായിരുന്നു പരിപാടി. ചിത്രത്തില്‍ മാഫിയ ശശിയുമായി ഏറ്റുമുട്ടി മമ്മൂക്ക ഹിന്ദി ഡയലോഗ് പറയുന്ന സീനുണ്ട്.

ഒന്നര പേജിലാണ് അത് എഴുതിവെച്ചത്. കോമഡി ടച്ചുള്ള സീനായതിനാല്‍ പത്താം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലെ ഒരു ചോദ്യത്തിനുത്തരമാണ് ബിപിന്‍ പകര്‍ത്തി വെച്ചത്. അത് എടുക്കുന്ന ദിവസം ബിപിനോട് സെറ്റില്‍ വന്ന് ഡയലോഗ് പ്രോംപ്റ്റ് ചെയ്ത് താരാന്‍ മമ്മൂക്ക പറഞ്ഞു.

റൗണ്ട് ട്രോളിയിലാണ് ആ സീന്‍ പ്ലാന്‍ ചെയ്തത്. സ്‌ക്രിപ്റ്റ് പിടിച്ച് പ്രോംപ്റ്റ് ചെയ്യാന്‍ ബിപിന്‍ ട്രോളിയില്‍ കയറിയിരുന്നു. എന്നാല്‍ ആ നെടുങ്കന്‍ ഡയലോഗ് ആരും പ്രോംപ്റ്റ് ചെയ്യാതെ തന്നെ മമ്മുക്ക കാണാപ്പാഠമായി പറഞ്ഞ് ഞങ്ങളെ ഞെട്ടിച്ചു,’ മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.

Content Highlight: Martin Prakkat Talks About Mammootty