കാനഡയില്‍ കാല് കുത്തിയാല്‍ അറസ്റ്റുണ്ടാകും; നെതന്യാഹുവിന് മാര്‍ക് കാര്‍ണിയുടെ മുന്നറിയിപ്പ്
Gaza
കാനഡയില്‍ കാല് കുത്തിയാല്‍ അറസ്റ്റുണ്ടാകും; നെതന്യാഹുവിന് മാര്‍ക് കാര്‍ണിയുടെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st October 2025, 12:48 pm

ഒട്ടാവ: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി. കാനഡയില്‍ നെതന്യാഹു കാലുകുത്തിയാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) പുറപ്പെടുവിച്ച വാറണ്ട് പ്രകാരം അറസ്റ്റ് നടപ്പിലാക്കുമെന്നാണ് മാര്‍ക് കാര്‍ണി അറിയിച്ചത്.

ഐ.സി.സിയിലെ അംഗരാജ്യമെന്ന നിലയില്‍ കോടതിയുടെ തീരുമാനങ്ങളോട് നിയമപരമായി സഹകരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും കാര്‍ണി വ്യക്തമാക്കി.

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുക എന്നത് കാനഡ മുന്‍ഗണന നല്‍കുന്ന നയങ്ങളില്‍ ഒന്നാണെന്നും മാര്‍ക് കാര്‍ണി പറഞ്ഞു. ബ്ലൂംബെര്‍ഗിലെ ദി മിഷേല്‍ ഹുസൈന്‍ ഷോ എന്ന പരിപാടിയില്‍ സംസാരിക്കവേയായിരുന്നു കാര്‍ണിയുടെ പരാമര്‍ശം.

2024 നവംബര്‍ 21നാണ് ഐ.സി.സി നെതന്യാഹുവിനും ഇസ്രഈല്‍ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഗസക്കെതിരായ യുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായി നടത്തിയ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് വാറണ്ട് പുറപ്പെടുവിച്ചത്.

സാധാരണക്കാരെ പട്ടിണിക്കിടുക, ശരീരത്തില്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കുക, ക്രൂരമായ പെരുമാറ്റം, മനഃപൂര്‍വമായ കൊലപാതകം, ഒരു വിഭാഗം സിവിലിയന്‍ ജനതയ്ക്കെതിരായ ആക്രമണം, പട്ടിണി മൂലമുണ്ടാകുന്ന മരണം എന്നീ കുറ്റകൃത്യങ്ങളാണ് ഇസ്രഈലിനെതിരെ ചുമത്തിയിരിക്കുന്നത്.

നെതന്യാഹുവിനും ഗാലന്റിനും പുറമെ അന്തരിച്ച മുന്‍ ഹമാസ് മിലിട്ടറി കമാന്‍ഡറായ മുഹമ്മദ് ദെയ്ഫിനെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ടുകള്‍ നടപ്പിലാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഐ.സി.സിയിലെ 124 അംഗരാജ്യങ്ങളാണ്.

യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് കോടതിയില്‍ അംഗങ്ങളായിട്ടുള്ളത്. എന്നാല്‍ ഐ.സി.സിയിലെ അംഗരാജ്യങ്ങളില്‍ ഇസ്രഈലോ അവരുടെ സഖ്യകക്ഷിയായ അമേരിക്കയോ ഉള്‍പ്പെടുന്നില്ല.

ഇസ്രഈലിന്റെ അധികാരപരിധി നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ അംഗരാജ്യങ്ങളുടെ പരിധികളില്‍ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ അന്താരാഷ്ട്ര കോടതിക്ക് കഴിയുമെന്നാണ് ഐ.സി.സി പ്രോസിക്യൂട്ടര്‍ കരിം ഖാന്റെ വാദം.

നിലവില്‍ നെതന്യാഹുവിന്റെ അറസ്റ്റ് നടപ്പിലാക്കുമെന്ന് ആദ്യമായാണ് ഒരു സഖ്യകക്ഷി രാഷ്ട്രം പ്രഖ്യാപിക്കുന്നത്. അറസ്റ്റുണ്ടായാല്‍ ഇസ്രഈല്‍ നേതാക്കളെ ഐ.സി.സി.യുടെ ആസ്ഥാനമായ ഹേഗിലെ കോടതിയില്‍ ഹാജരാക്കും.

Content Highlight: Mark Carney warns Netanyahu that stepping foot in Canada could lead to arrest