ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ബലാല്‍സംഗത്തിനിരയാവുന്നത് ഭര്‍ത്താവില്‍ നിന്ന്
Daily News
ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ബലാല്‍സംഗത്തിനിരയാവുന്നത് ഭര്‍ത്താവില്‍ നിന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd October 2014, 9:21 am

sexual-assault ന്യൂദല്‍ഹി: ഭര്‍ത്താവില്‍ നിന്നാണ് ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്നതെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എന്നാല്‍ ഭര്‍ത്താവില്‍ നിന്നുള്ള ലൈംഗിക അതിക്രമങ്ങളില്‍ വെറും ഒരു ശതമാനം മാത്രമാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മറ്റ് പുരുഷന്മാരില്‍ നിന്നുള്ള ലൈംഗിക അതിക്രമങ്ങളില്‍ ആറ് ശതമാനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നെന്നും സര്‍വ്വേ പറയുന്നു.

പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനും വനിതാവകാശ പ്രവര്‍ത്തകനുമായ ആശിഷ് ഗുപ്തയാണ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ കംമ്പാഷനേറ്റ് ഇക്കണോമിക്‌സിന്റെ സഹായത്തോടെ പുതിയ കണക്കുകള്‍ പുറത്തെത്തിച്ചത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നും ശേഖരിച്ച കുറ്റകൃത്യങ്ങളുടെ വിവരങ്ങളും നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേയില്‍ ശേഖരിക്കപ്പെട്ട വിവരങ്ങളും തമ്മില്‍ താരതമ്യം ചെയ്താണ് പുതിയ കണക്കുകള്‍ ആശിഷ് ഗുപ്ത പുറത്തുവിട്ടിരിക്കുന്നത്.

2005ലാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ അവസാനമായി നടന്നത്. അതേ വര്‍ഷത്തെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ കണക്കുകളുമായാണ് ഗുപ്ത താരതമ്യ പഠനം നടത്തിയത്.

എന്‍.എഫ്.എച്ച്.എസ് സര്‍വ്വേയില്‍ റിപ്പോര്‍ട്ട് ചെയ്ത 1,00,000 സ്ത്രീകളില്‍ 157 പേര്‍ മറ്റ് പുരുഷന്മാരില്‍ നിന്നും ബലാല്‍സംഗത്തിന് ഇരയാവുന്നുണ്ട്. സ്വന്തം താല്‍പര്യത്തിന് വിരുദ്ധമായി ഭര്‍ത്താവിന്റെ ബലപ്രയോഗത്താല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടേണ്ടി വന്നത് 6,590 സ്ത്രീകള്‍ക്കാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ബലാല്‍സംഗത്തിനിരയാവുന്നതില്‍ 2.3% സ്ത്രീകളും മറ്റ് പുരുഷന്മാരുടെ പീഡനത്തിനാണ് ഇരയാവുന്നത്.

വിവാഹ, വിവാഹേതര ബലാല്‍സംഗങ്ങളില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകള്‍ വളരെ കുറവാണെന്നാണ് ഗുപ്ത പറയുന്നത്. 2005ലെ എന്‍.സി.ആര്‍.ബി, എന്‍.എഫ്.എച്ച്.എസ് വിവരങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ മനസിലായവുന്നത് 5.8 ശതമാനം വിവാഹേതര ബലാല്‍സംഗം മാത്രമാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപെടുന്നത് എന്നാണ്. ഭര്‍ത്താക്കന്‍മാരില്‍ നിന്നുള്ള പീഡനങ്ങളില്‍ കേവലം 0.6 ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപെടുന്നുള്ളൂ. ഭര്‍ത്താവില്‍ നിന്നും ബലാല്‍സംഗം ഇന്ത്യയില്‍ കുറ്റകൃത്യമായി പരിഗണിക്കപ്പെടാതെ വെറും പീഡനമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുമാണ് ഇതിന് കാരണമെന്നും ഗുപ്ത പറയുന്നു.

ഗുപ്തയുടെ കണ്ടെത്തലുകള്‍ മറ്റ് ഉറവിടങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതിക്രമങ്ങള്‍ നേരിടേണ്ടി വന്ന സ്ത്രീകളില്‍ എത്രപേര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് എന്‍.എഫ്.എച്ച്.എസ് ചോദിച്ചപ്പോള്‍ വെറും .6% പേര്‍ മാത്രമാണ് പരാതി നല്‍കിയിട്ടുണ്ടെന്ന് മറുപടി നല്‍കിയത്.

ദല്‍ഹി കേന്ദ്രീകരിച്ചുള്ള വനിതാ സംഘടനയായ ജഗോരി 2011 ല്‍ നടത്തിയ സര്‍വ്വേയിലും സമാനമായ വിവരങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ലൈംഗികാതിക്രമത്തിന് ഇരയാവുന്ന സ്ത്രീകളില്‍ 0.8 ശതമാനം മാത്രമാണ് പോലീസില്‍ പരാതിപ്പെട്ടിട്ടുള്ളത്. എന്‍.എഫ്.എച്ച്.എസ് പോലുള്ള ദേശീയ ഏജന്‍സികള്‍ ബലാല്‍സംഗങ്ങളെ കൂടാതെ രാജ്യത്ത് നടക്കുന്ന വിവിധ ലൈംഗികാതിക്രമങ്ങളെകുറിച്ചും തങ്ങളുടെ ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ജഗോരി അംഗം കൂടെയായ കല്‍പന വിശ്വനാഥ് പറഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ കുറവാണെന്നും എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ കൂടുതലാണെന്നും കാണുന്നു. അക്രമസംഭവങ്ങള്‍ ഏറ്റവും കുറവ് ദല്‍ഹിയിലാണെങ്കിലും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇവിടെ നിന്നാണ്.

ചിത്രത്തിന് കടപ്പാട്: ദി ഹിന്ദു