ആ സിനിമയില്‍ രണ്ട് സീനിലെ ഞാന്‍ ഉള്ളു; പക്ഷേ എന്റെ കഥാപാത്രമാണ് സിനിമയില്‍ ഒരു പ്ലോട്ട് ട്വിസ്റ്റ് കൊണ്ട് വന്നത്: മെറീന
Entertainment
ആ സിനിമയില്‍ രണ്ട് സീനിലെ ഞാന്‍ ഉള്ളു; പക്ഷേ എന്റെ കഥാപാത്രമാണ് സിനിമയില്‍ ഒരു പ്ലോട്ട് ട്വിസ്റ്റ് കൊണ്ട് വന്നത്: മെറീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 8:42 am

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയും മോഡലുമാണ് മെറീന മൈക്കിള്‍. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെ 2014ലാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് മുംബൈ ടാക്സി, ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്‌സ് തുടങ്ങിയ ഏതാനും ചിത്രങ്ങളിലും അഭിനയിച്ചു. 2017ല്‍ വിനീത് ശ്രീനിവാസനെ നായകനാക്കി ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബി എന്ന സിനിമയിലൂടെയാണ് മെറീന നായികയായി എത്തുന്നത്.

ഒരു നായികയായി മാത്രം സിനിമയില്‍ അഭിനയിക്കണമെന്ന് അജണ്ടയുള്ള ആളല്ല താനെന്ന് പറയുകയാണ് മെറീന. തന്റെ കരിയറില്‍ 30തോളം സിനിമകളില്‍ താന്‍ അഭിനയിച്ചെന്നും അതില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ താന്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും മെറീന പറയുന്നു. വികൃതി എന്ന സിനിമയില്‍ താന്‍ രണ്ട് സീനുകളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളുവെന്നും എന്നാല്‍ തന്റെ കഥാപാത്രമാണ് സിനിമയില്‍ ഒരു പ്ലോട്ട് ട്വിസ്റ്റ് കൊണ്ടുവരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പ്രിയപ്പെട്ട ഹീറോ ആരാണ് എന്ന് തന്നോട് ആരെങ്കിലും ചോദിച്ചാല്‍ തിലകന്റെയും മുരളിയുടെയും പേരാണ് താന്‍ പറയുകയെന്നും മറ്റൊന്ന് ജഗതി ശ്രീകുമാറാണന്നെും മെറീന പറഞ്ഞു. എല്ലാ തരത്തിലുള്ള വേഷവും കൈകാര്യം ചെയ്യാന്‍ കഴിയുന്നവരാണ് അവരെല്ലാം എന്നും അഭിനയത്തില്‍ അത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു മെറീന.

‘എന്റെ കരിയറില്‍ സത്യം പറഞ്ഞാല്‍ ഞാനൊരു 30 പടം ചെയ്തിട്ടുണ്ട്. ഞാന്‍ ചെറുതും വലുതുമായിട്ടുള്ള സിനിമകളുടെ ഭാഗമായിട്ടുണ്ട്. വികൃതി എന്ന സിനിമയില്‍ വളരെ ചെറിയ സീനിലെ അഭിനയിച്ചിട്ടുള്ളു. എനിക്ക് തോന്നുന്നു രണ്ട് സീന്‍ മാത്രമെ ഉള്ളു. പക്ഷേ ആ സിനിമയുടെ ഒരു പ്ലോട്ട് ട്വിസ്റ്റ് എന്ന് പറയുന്നത് എന്റെ കഥാപാത്രമാണ്. ഞാന്‍ തുടക്ക സമയത്തെ പറയുന്ന ഒരു കാര്യമുണ്ട്, ഒരു ഹീറോയിന്‍ ആയിട്ട് തന്നെ മുന്നോട്ട് പോകണമെന്ന് അജണ്ട വെച്ചിട്ടുള്ള ആളല്ല ഞാന്‍. നല്ല കഥാപാത്രങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനം.

എന്റെയടുത്ത് ഫേവറിറ്റ് ഹീറോ ആരാണ് അല്ലെങ്കില്‍ ഒരു സ്റ്റാറിന്റെ പേര് പറയാന്‍ പറഞ്ഞാല്‍, ഞാന്‍ എപ്പോഴും മുരളി ചേട്ടന്റെയും തിലകന്‍ ചേട്ടന്റെയും പേരെ പറയാറുള്ളു. പിന്നെ ഒരു ഉദാഹരണം ജഗതി ചേട്ടനാണ്. അവരൊക്കെ എല്ലാ ടൈപ്പ് ഓഫ് ക്യാരക്ടേഴ്‌സും ചെയ്യുന്ന ആളുകളാണ്. അത് വളരെ പ്രധാനപ്പെട്ടതാണ്. മാനറിസം ഒക്കെ ഒരു സിനിമയില്‍ ഉള്ളത് പോലെ ആയിരിക്കില്ല. വേറെ ഒരു സിനിമയില്‍ ഉള്ളത്,’ മെറീന പറയുന്നു.

Content Highlight: Mareena  says she is not someone with an agenda to act only as a heroine in films.