ദോഹ: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ചൊവ്വാഴ്ച ഖത്തറിലേക്ക് പോകുമെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു.
ഇസ്രഈല്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് റൂബിയോ ജെറുസലേമിലെത്തി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയത്.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തില്‍ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്ന ഖത്തറിന്റെ ശ്രമങ്ങളെ പിന്തുണച്ച് റൂബിയോ സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രഈലില്‍ നിന്നും ഖത്തറിലേക്ക് തിരിക്കുന്നത്.
അടുത്തതായി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും ഇതില്‍ ഖത്തറിന് എന്തുപങ്ക് വഹിക്കാന്‍ സാധിക്കുമെന്നതിലുമാണ് യു.എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റൂബിയോ പറഞ്ഞു. ഈ സംഘര്‍ഷം അവസാനിപ്പിക്കാനായുള്ള ശ്രമങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു റൂബിയോ.
ക്രിയാത്മകമായി വിഷയത്തില്‍ പങ്കെടുക്കാന്‍ ഖത്തറിനെ പ്രോത്സാഹിപ്പിക്കുമെന്നും നെതന്യാഹുവിനൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടെ റൂബിയോ വിശദീകരിച്ചു.
നേരത്തെ, ഖത്തറില്‍ മുന്നറിയിപ്പില്ലാതെ ആക്രമണം നടത്തിയ ഇസ്രഈലിന്റെ നടപടിയെ ട്രംപ് വിമര്‍ശിച്ചിരുന്നു. അമേരിക്കയുടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മിലിട്ടറി ബേസ് സ്ഥിതിചെയ്യുന്ന ഖത്തറിന് നേരെ നടത്തിയ ആക്രമണമാണ് യു.എസ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് ട്രംപ് അതൃപ്തി അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രഈല്‍ ആക്രമണം നടത്തിയത്. അഞ്ച് ഹമാസ് അംഗങ്ങളുള്‍പ്പടെ ആറ് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദോഹയില്‍ അറബ് ലീഗിന്റെ നേതൃത്വത്തില്‍ അറബ്- ഇസ്‌ലാമിക് രാഷ്ട്രങ്ങളിലെ ഉന്നതനേതാക്കള്‍ പങ്കെടുക്കുന്ന അടിയന്തിര ഉച്ചകോടി ചേര്‍ന്നു. ഉച്ചകോടിയില്‍ ഇസ്രഈലിന് എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
Content Highlight: Marco Rubio to head to Qatar tomorrow after Israel visit