ഉണ്ണി മുകുന്ദനെ അണ്‍ഫോളോ ചെയ്ത് മാര്‍ക്കോ നിര്‍മാതാവ്, പുതിയ നാല് പേരില്‍ ലോര്‍ഡ് മാര്‍ക്കോ ആരെന്ന് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
Malayalam Cinema
ഉണ്ണി മുകുന്ദനെ അണ്‍ഫോളോ ചെയ്ത് മാര്‍ക്കോ നിര്‍മാതാവ്, പുതിയ നാല് പേരില്‍ ലോര്‍ഡ് മാര്‍ക്കോ ആരെന്ന് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th September 2025, 9:52 pm

സോഷ്യല്‍ മീഡിയ പേജുകളില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയായ വിഷയമായിരുന്നു മാര്‍ക്കോയുടെ രണ്ടാം ഭാഗം. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ മാര്‍ക്കോക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന കാര്യത്തിലായിരുന്നു ചര്‍ച്ച നടന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഫിലിം ചേംബറിന് മുമ്പില്‍ നിര്‍മാതാവ് സമര്‍പ്പിച്ചതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ലോര്‍ഡ് മാര്‍ക്കോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനല്ല നായകനെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. നിര്‍മാതാവ് ഷരീഫ് മുഹമ്മദും ഉണ്ണി മുകുന്ദനും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് പിന്നിലെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം മാ വന്ദേയുടെ അനൗണ്‍സ്‌മെന്റ് നടന്ന അതേദിവസമായിരുന്നു മാര്‍ക്കോ 2വിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങേറിയത്.

ഇപ്പോഴിതാ ഷരീഫ് മുഹമ്മദ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഉണ്ണി മുകുന്ദനെ അണ്‍ ഫോളോ ചെയ്തതാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ഉണ്ണി മുകുന്ദനെ അണ്‍ ഫോളോ ചെയ്തതിന് പിന്നാലെ പുതിയതായി നാല് പേരെ ഷരീഫ് ഫോളോ ചെയ്തതും പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കന്നഡ താരം യഷ്, മലയാളി താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെയാണ് ഷരീഫ് പുതിയതായി ഫോളോ ചെയ്തിരിക്കുന്നത്.

ഈ നാല് പേരില്‍ ആരാകും രണ്ടാം ഭാഗത്തിലെ നായകനെന്ന കാര്യത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായതിനാല്‍ യഷ് ആകും ലോര്‍ഡ് മാര്‍ക്കോയെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മലയാളികളുടെ സ്വന്തം ചിത്രമെന്ന നിലയില്‍ നോക്കുമ്പോള്‍ യഷിനെക്കാള്‍ മലയാളത്തിലെ ഏതെങ്കിലും നടന്മാരെ വെച്ച് ചെയ്യണമെന്നാണ് പറയുന്നത്.

പാന്‍ ഇന്ത്യന്‍ റിലീസാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ പൃഥ്വിരാജാണ് മറ്റൊരു ഓപ്ഷനെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ആക്ഷന്‍ രംഗങ്ങളിലെല്ലാം പൃഥ്വിരാജ് തകര്‍ക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. മാര്‍ക്കോയുടെ തറവാട്ടിലെ കാരണവരുടെ കഥയായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. അങ്ങനെയെങ്കില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരും നല്ല തീരുമാനമാണെന്നും വയലന്‍സിന്റെ ലെവല്‍ കുറക്കേണ്ടി വരുമെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു.

ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമെന്ന ടാഗ് ലൈനിലാണ് മാര്‍ക്കോ പുറത്തിറങ്ങിയത്. വയലന്‍സും ആക്ഷന്‍ രംഗങ്ങളും മാറ്റിനിര്‍ത്തിയാല്‍ മറ്റൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രമായിരുന്നു മാര്‍ക്കോ. ഇമോഷണലി കണക്ടാക്കാന്‍ കഴിയാത്ത തിരക്കഥയും അഭിനേതാക്കളുടെ മോശം ഡയലോഗ് ഡെലിവറിയും ഒ.ടി.ടി റിലീസിന് ശേഷം വിമര്‍ശനത്തിന് വിധേയമായി.

Content Highlight: Marco Producer Shareef Muhammed unfollowed Unni Mukundan from Instagram