നാര്‍ക്കോട്ടിക് ജിഹാദ്; പാല ബിഷപ്പിനെതിരെ കേസെടുത്തു
Narcotics Jihad
നാര്‍ക്കോട്ടിക് ജിഹാദ്; പാല ബിഷപ്പിനെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st November 2021, 7:28 pm

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. കുറുവിലങ്ങാട് പൊലീസാണ് കേസെടുത്തത്.

പാല മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്.

ഓള്‍ ഇന്ത്യ ഇമാം കൗണ്‍സിലിന്റെ പരാതിയിലാണ് കേസ്.

സെപ്റ്റംബര്‍ എട്ടിന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോന പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ സമാപനത്തില്‍ കുര്‍ബാന മധ്യേയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപണം ഉന്നയിച്ചത്.

ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാല രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

ഇതില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവും വി.ഡി. സതീശനും ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mar Joseph Kallarangat Narcotic Jihad Kuruvilangad Police Case