കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നു: കണ്ണൂരില്‍ നിന്നോ വയനാട്ടില്‍ നിന്നോ മാത്രമല്ല മാവോയിസ്റ്റുകള്‍ വരുന്നത്; മുഖ്യമന്ത്രി
Kerala
കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നു: കണ്ണൂരില്‍ നിന്നോ വയനാട്ടില്‍ നിന്നോ മാത്രമല്ല മാവോയിസ്റ്റുകള്‍ വരുന്നത്; മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th October 2025, 1:37 pm

ന്യൂദല്‍ഹി: കേരളത്തിന് നേരെ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തോട് കൂടുതല്‍ ഫണ്ട് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച മുഖ്യമന്ത്രി സംസ്ഥാനത്തിന് നിലവില്‍ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും അതുകൊണ്ട് സാമ്പത്തികമായ സഹായം ആവശ്യമാണെന്നും വിശദീകരിച്ചു.

കേരളം മാവോയിസ്റ്റുകളെ നേരിടാനായി ഫണ്ട് ആവശ്യപ്പെടുന്നത് ഇപ്പോഴും ഭീഷണി നിലവിലുള്ളതുകൊണ്ടാണ്. കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും കാടുകളുണ്ടല്ലോയെന്നും ആ കാടുകളിലൂടെയാണ് മാവോയിസ്റ്റുകള്‍ കടന്നുകയറുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, കേരളത്തിലുള്ള തീവ്ര ഇടതുസംഘടനകള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്നും പുറത്തുനിന്നെത്തുന്നവരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

‘കണ്ണൂരില്‍ നിന്നും വയനാട്ടില്‍ നിന്നുമല്ല മാവോയിസ്റ്റുകള്‍ വരുന്നത്. ഈ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമില്ല. കേരളത്തിന് ഇപ്പോഴും ആ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന സംശയമാണ് നിലവിലുള്ളത്.

നല്ല പുരോഗതിയാണ് മാവോയിസ്റ്റ് വിഷയത്തിലുണ്ടായിട്ടുള്ളത്. മറ്റ് സഹായങ്ങള്‍ ഇനി ആവശ്യമുണ്ടോ എന്ന സംശയം ഉയരുന്നുണ്ടെങ്കിലും കാടിന്റെ കിടപ്പും മറ്റ് വശങ്ങളും പരിശോധിക്കുമ്പോള്‍ സഹായങ്ങള്‍ ഇനിയും നല്‍കണമെന്ന് തന്നെയാണ് കാണുന്നത്. അതില്‍ അഭിപ്രായവ്യത്യാസമൊന്നുമില്ല’, മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പടെയുള്ള കേന്ദ്രത്തിലെ അഞ്ച് മന്ത്രിമാരെ സന്ദര്‍ശിച്ച് കേരളത്തിന്റെ ധനപ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചെന്ന് മുഖ്യമന്ത്രി ദല്‍ഹിയില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുമായി വെള്ളിയാഴ്ച അരമണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയാണ് മുഖ്യമന്ത്രി നടത്തിയത്. തുടര്‍ന്ന് മാധ്യമങ്ങളെ കാണുന്നതിനിടെ മുഖ്യമന്ത്രി മാവോയിസ്റ്റുകളോടുള്ള കേരളത്തിന്റെ സമീപനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു.

ഇതിനിടെ, ആലപ്പുഴയില്‍ എയിംസ് കൊണ്ടുവരുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദത്തെ മുഖ്യമന്ത്രി ചിരിച്ചുതള്ളി. അതിനെ കുറിച്ചൊന്നും പ്രതികരിക്കാത്തതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ കോഴിക്കോട് എയിംസ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചെന്നും മുഖ്യമന്ത്രി മറ്റൊരു ചോദ്യത്തിനുള്ള മറുപടിയില്‍ പറഞ്ഞു.

വയനാട് ദുരന്തത്തില്‍ സംസ്ഥാനം പ്രധാനമന്ത്രിയോടടക്കം കൂടുതല്‍ ധനസഹായമാവശ്യപ്പെട്ടെന്ന് അറിയിച്ചു. മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം എന്‍.ഡി.ആര്‍.എഫില്‍ നിന്ന് 2221 കോടി രൂപ അനുവദിക്കണമെന്ന ആവശ്യം കേന്ദ്രത്തിനോട് ആവര്‍ത്തിച്ചിട്ടുണ്ട്.

ഇത് ദുരിതാശ്വാസത്തിനും പുനര്‍ നിര്‍മാണത്തിനുമുള്ള ഗ്രാന്റ് ആയി പരിഗണിക്കണമെന്നും കേന്ദ്രത്തിനോട് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ, സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിവേദനമായി നല്‍കിയെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

Content Highlight: Maoist threat persists in Kerala: Maoists are not only coming from Kannur or Wayanad; Chief Minister