പ്രിയദര്‍ശന്‍ സാര്‍ കോപ്പിയടിച്ചാണ് സിനിമകള്‍ ചെയ്യുന്നതെന്ന് പറയുന്നവരോട് ഒറ്റ കാര്യം മാത്രമേ ചോദിക്കാനുള്ളൂ: മനു സ്വരാജ്
Entertainment
പ്രിയദര്‍ശന്‍ സാര്‍ കോപ്പിയടിച്ചാണ് സിനിമകള്‍ ചെയ്യുന്നതെന്ന് പറയുന്നവരോട് ഒറ്റ കാര്യം മാത്രമേ ചോദിക്കാനുള്ളൂ: മനു സ്വരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd June 2025, 7:03 am

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മനു സ്വരാജ്. ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായ പടക്കളം അണിയിച്ചൊരുക്കിയാണ് മനു സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. കോമഡിയും ഫാന്റസിയും സമാസമം ചേര്‍ത്ത് ഒരുക്കിയ ചിത്രം ഒ.ടി.ടി. റിലീസിന് ശേഷവും മികച്ച പ്രതികരണമാണ് നേടുന്നത്.

തന്നെ സ്വാധീനിച്ച സംവിധായകരെക്കുറിച്ച് സംസാരിക്കുകയാണ് മനു സ്വരാജ്. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ പ്രിയദര്‍ശന്റെ ചിത്രങ്ങള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് മനു സ്വരാജ് പറഞ്ഞു. കോമഡി സിനിമകളുടെ കാര്യത്തില്‍ അദ്ദേഹത്തെ വെല്ലാന്‍ മലയാളത്തില്‍ മറ്റൊരാളില്ലെന്നും മനു പറയുന്നു.

പ്രിയദര്‍ശനെ കുറ്റം പറയുന്നവര്‍ പ്രധാനമായും ആരോപിക്കുന്ന കാര്യമാണ് അദ്ദേഹം വിദേശസിനിമകളില്‍ നിന്ന് കോപ്പിയടിക്കുന്ന കാര്യമെന്നും അതില്‍ താന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തില്ലെന്നും മനു സ്വരാജ് കൂട്ടിച്ചേര്‍ത്തു. കുറ്റം പറയുന്നവര്‍ക്ക് പ്രിയദര്‍ശനെപ്പോലെ വിദേശസിനിമകള്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും അത് അദ്ദേഹത്തിന്റെ കഴിവാണെന്നും മനു സ്വരാജ് പറഞ്ഞു. വിറ്റ് ടോക്‌സിനോട് സംസാരിക്കുകയായിരുന്നു മനു സ്വരാജ്.

‘കോമഡിയുടെ കാര്യത്തില്‍ എന്നെ എല്ലാ കാലത്തും സ്വാധീനിച്ചിട്ടുള്ളത് പഴയ സംവിധായകരാണ്. അവരുടെ സിനിമകളൊക്കെ നോക്കിയാല്‍ കോമഡികള്‍ മാറ്റിവെച്ചാലും ശക്തമായ ഒരു കഥയുണ്ടാകും. അതുകൊണ്ടാണ് ഇപ്പോഴും ആ സിനിമകള്‍ നമുക്ക് ബോറടിക്കാത്തത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനാണ് പ്രിയദര്‍ശന്‍ സാര്‍.

അദ്ദേഹത്തിന്റെ പേര് പറയുമ്പോള്‍ ചിലര്‍ക്കൊക്കെ ചിരി വരും. എല്ലാ പടവും കോപ്പിയടിച്ചാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തെ കളിയാക്കും. എനിക്ക് അതെല്ലാം കേള്‍ക്കുമ്പോള്‍ ദേഷ്യം വരും. കാരണം, ഈ കളിയാക്കുന്നവരെ ഞാന്‍ വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തെപ്പോലെ മറ്റൊരു ഭാഷയിലെ സിനിമ ഇവിടത്തെ പ്രേക്ഷകര്‍ക്ക് ഓക്കെയാകുന് രീതിയില്‍ റീമേക്ക് ചെയ്യാന്‍ പറ്റുമോ എന്ന് ശ്രമിച്ച് നോക്ക്.

ഞാന്‍ ഉറപ്പിച്ച് പറയും, അത് ആര്‍ക്കും പറ്റില്ലെന്ന്. കാരണം, പ്രിയന്‍ സാര്‍ കോപ്പിയടിയാണെങ്കിലും അത് നമ്മുടെ കള്‍ച്ചറിലേക്ക് റൂട്ടഡായി നില്‍ക്കുന്ന രീതിയിലേക്ക് മാറ്റും. അങ്ങനെ ചെയ്യാന്‍ എനിക്ക് കഴിയില്ല. അഞ്ച് സിനിമ എടുത്ത് കോപ്പിയടിക്കാന്‍ നോക്കി പരാജയപ്പെട്ടയാളാണ് ഞാന്‍,’ മനു സ്വരാജ് പറഞ്ഞു.

Content Highlight: Manu Swaraj saying Priyadarhan’s movies influenced him