ഈയടുത്ത് വന്ന ഫീല്‍ഗുഡ് സിനിമകളെക്കാള്‍ എനിക്കിഷ്ടമായത് മുകുന്ദനുണ്ണി അസോസിയേറ്റ്‌സിലെ ആ ഡയലോഗ്; മനു സ്വരാജ്
Entertainment
ഈയടുത്ത് വന്ന ഫീല്‍ഗുഡ് സിനിമകളെക്കാള്‍ എനിക്കിഷ്ടമായത് മുകുന്ദനുണ്ണി അസോസിയേറ്റ്‌സിലെ ആ ഡയലോഗ്; മനു സ്വരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd June 2025, 1:34 pm

ബേസില്‍ ജോസഫിന്റെ സംവിധാന സഹായിയായി സിനിമയിലേക്കെത്തിയയാളാണ് മനു സ്വരാജ്. പടക്കളം എന്ന ചിത്രത്തിലൂടെ മനു സ്വതന്ത്രസംവിധായകനായി. ആദ്യചിത്രം തന്നെ മലയാളത്തിലെ മികച്ച ഫാന്റസി എന്റര്‍ടൈനറാക്കാന്‍ മനുവിന് സാധിച്ചു. ഒ.ടി.ടി റിലീസിന് ശേഷവും മികച്ച പ്രതികരണമാണ് ചിത്രം സ്വന്തമാക്കുന്നത്.

ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചും ഴോണറുകളെക്കുറിച്ചും സംസാരിക്കുകയാണ് മനു സ്വരാജ്. ഫീല്‍ ഗുഡ് സിനിമകള്‍ തനിക്ക് ഒരിക്കലും ഇഷ്ടമല്ലെന്ന് മനു പറഞ്ഞു. അത്തരം സിനിമകളില്‍ പറയുന്നതുപോലെ കഷ്ടപ്പെട്ടാല്‍ ഒടുവില്‍ ദൈവം സഹായിക്കുമെന്ന് പറയുന്നതെല്ലാം വെറുതേയാണെന്നും പലരുടെയും ജീവിതത്തില്‍ അതൊന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറയുന്നു.

വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് തനിക്ക് ഒരുപാട് ഇഷ്ടമായ സിനിമയാണെന്നും അതില്‍ പറയുന്ന ചില കാര്യങ്ങള്‍ സത്യമാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും മനു കൂട്ടിച്ചേര്‍ത്തു. തോല്‍ക്കുന്നതിനെക്കാള്‍ ഭേദം ചത്തു തുലയുന്നതാണെന്നുള്ള ഡയലോഗ് തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടെന്നും മനു സ്വരാജ് പറഞ്ഞു. വിറ്റ് ടോക്ക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് ഫീല്‍ ഗുഡ് സിനിമകള്‍ ഇഷ്ടമല്ല, ആ ഴോണറിലുള്ള സിനിമകളോട് താത്പര്യം തോന്നാറില്ല. ആ സിനിമയിലൊക്കെ പറയുന്നത് പോലെ ഒരുപാട് കഷ്ടപ്പാടിന് ശേഷം ദൈവം നമ്മളെ സഹായിക്കുമെന്നൊക്കെ പറയുന്നതൊന്നും ഒരിക്കലും നടക്കാത്ത കാര്യമാണെന്നേ ഞാന്‍ പറയുള്ളൂ.

മുകുന്ദനുണ്ണി അസോസിയേറ്റസ് എന്ന സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ‘നീയെത്ര കഷ്ടപ്പെട്ടാലും നിന്നെ സഹായിക്കാന്‍ ആരും വരാന്‍ പോകുന്നില്ല’ എന്ന ലൈനാണ് റിയാലിറ്റി. അതില്‍ ഒരു ഡയലോഗുണ്ട്. ‘തോല്‍ക്കുന്നതിനെക്കാള്‍ ഭേദം, ചത്തുതുലയുന്നതാണ്’ എന്ത് ഗംഭീര ഡയലോഗാണത്. എനിക്ക് ആ സിനിമ വളരെ ഇഷ്ടമാണ്,’ മനു സ്വരാജ് പറയുന്നു.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച ചിത്രമാണ് പടക്കളം. സന്ദീപ് പ്രദീപ്, ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമൂട്, അരുണ്‍ പ്രദീപ് തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരന്നത്. രാജേഷ് മുരുകേശനാണ് ചിത്രത്തിന്റെ സംഗീതം. ബോക്‌സ് ഓഫീസില്‍ ചിത്രം 20 കോടിയോളം സ്വന്തമാക്കിയിരുന്നു.

Content Highlight: Manu Swaraj saying he liked Mukundan Unni Associates movie