ഷറഫുദ്ദീന്‍ ചെയ്ത റോളിലേക്ക് ബേസിലേട്ടനെയും, സന്ദീപിന്‌റെ വേഷത്തിലേക്ക് ആ നടനെയും വിളിച്ചെങ്കിലും അവര്‍ക്ക് വരാന്‍ സാധിച്ചില്ല: മനു സ്വരാജ്
Entertainment
ഷറഫുദ്ദീന്‍ ചെയ്ത റോളിലേക്ക് ബേസിലേട്ടനെയും, സന്ദീപിന്‌റെ വേഷത്തിലേക്ക് ആ നടനെയും വിളിച്ചെങ്കിലും അവര്‍ക്ക് വരാന്‍ സാധിച്ചില്ല: മനു സ്വരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd June 2025, 10:28 pm

ഫാന്റസി സിനിമകള്‍ വിരളമായി മാത്രം വരുന്ന മോളിവുഡില്‍ നിന്ന് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് പടക്കളം. നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറി. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു.

ചിത്രത്തിന്റെ കാസ്റ്റിങ് ആദ്യം ഇങ്ങനെയല്ലായിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ മനു സ്വരാജ്. ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റായതിനാല്‍ അദ്ദേഹത്തിനും താന്‍ ഒരു വേഷം മാറ്റിവെച്ചിരുന്നെന്ന് മനു സ്വരാജ് പറഞ്ഞു. ഷറഫുദ്ദീന്‍ അവതരിപ്പിച്ച രഞ്ജിത് എന്ന കഥാപാത്രത്തിലേക്ക് താന്‍ ആദ്യം മനസില്‍ കണ്ടത് ബേസിലിനെയായിരുന്നെന്നും എന്നാല്‍ ഡേറ്റില്ലാത്തതിനാല്‍ ബേസില്‍ പിന്മാറിയെന്നും മനു കൂട്ടിച്ചേര്‍ത്തു.

 

സന്ദീപ് അവതരിപ്പിച്ച ജിതിന്‍ എന്ന കഥാപാത്രത്തിലേക്ക് ഒരു മുന്‍നിര യുവനടനെ സമീപിച്ചെന്നും എന്നാല്‍ അയാള്‍ക്ക് കഥ മനസിലായില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങിയെന്നും അദ്ദേഹം പറയുന്നു. ആ നടന്റെ പേര് താന്‍ പുറത്തുവിടില്ലെന്ന് മനു പറയുകയും അവതാരകര്‍ നസ്‌ലെന്റെ പേര് പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ ഇരിക്കുകയും ചെയ്തു. വിറ്റ് ടോക്‌സിനോട് സംസാരിക്കുകയായിരുന്നു മനു സ്വരാജ്.

‘ഈ പടത്തില്‍ ഞാന്‍ ആദ്യം മനസില്‍ കണ്ട കാസ്റ്റിങ് ഇങ്ങനെയല്ലായിരുന്നു. രഞ്ജിത് സാറിന്റെ കഥാപാത്രമായി ആദ്യം പ്ലാന്‍ ചെയ്തത് ബേസിലേട്ടനെയായിരുന്നു. പുള്ളിയോട് കഥ പറഞ്ഞപ്പോള്‍ ഡേറ്റില്ലെന്ന് പറഞ്ഞ് ഒഴിവായി. അങ്ങനെയാണ് ആ റോളിലേക്ക് ഷറഫുദ്ദീന്‍ വന്നത്. പുള്ളി അത് കിടിലനായി ചെയ്തു. ഞാന്‍ വിചാരിച്ചതിനും മേലെ പോയി.

സന്ദീപിന്റെ റോളിലേക്കും മറ്റൊരു നടനായിരുന്നു മനസില്‍. പക്ഷേ, ഷാജി സാറായി സുരാജേട്ടനല്ലാതെ വേറെയാരെയും ഉദ്ദേശിച്ചിട്ടില്ലായിരുന്നു. ആ റോള്‍ പുള്ളി തന്നെ ചെയ്യണമെന്നായിരുന്നു ആദ്യം തൊട്ടേ പ്ലാന്‍ ചെയ്തത്. അതിന് മറ്റൊരു ബാക്കപ്പ് ഓപ്ഷനില്ലായിരുന്നു. സന്ദീപിന്റെ റോളിലേക്ക് ആദ്യം ഉദ്ദേശിച്ചത് മലയാളത്തിലെ ഒരു അപ്കമിങ് സ്റ്റാറിനെയായിരുന്നു. അയാളുടെ പേര് ഞാന്‍ പറയില്ല. പുള്ളിക്ക് കഥ എന്തോ വര്‍ക്കായില്ലെന്ന് പറഞ്ഞ് ഒഴിവായി,’ മനു സ്വരാജ് പറഞ്ഞു.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചത്. സന്ദീപ് പ്രദീപ്, ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്ക് പുറമെ സാഫ് ബോയ്, അരുണ്‍ പ്രദീപ്, അരുണ്‍ അജികുമാര്‍, നിരഞ്ജന അനൂപ്, ഇഷാന്‍ ഷൗക്കത്ത് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. രാജേഷ് മുരുകേശനാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: Manu Swaraj saying he considered Naslen and Basil Joseph for Padakkalam movie