മന്‍സൂര്‍ വധക്കേസ്; സുഹൈല്‍ കീഴടങ്ങി
Kerala News
മന്‍സൂര്‍ വധക്കേസ്; സുഹൈല്‍ കീഴടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th April 2021, 5:24 pm

കണ്ണൂര്‍: മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസില്‍ അഞ്ചാം പ്രതിയായ സുഹൈല്‍ പൂല്ലൂക്കര കീഴടങ്ങി. തലശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്.

താന്‍ നിരപരാധിയാണെന്നും നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് സുഹൈല്‍ കീഴടങ്ങിയത്.

ഡി.വൈ.എഫ്.ഐ നേതാവ് കെ. സുഹൈല്‍ ആണ് മുഖ്യ ആസൂത്രകനെന്നും 25 പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളില്‍ 11 പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

മന്‍സൂര്‍ കൊല്ലപ്പെടുന്നതിന് മുന്‍പുള്ള സുഹൈലിന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് കൊലപാതകം ആസൂത്രിതമാണെന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മന്‍സൂര്‍ വധക്കേസില്‍ മുഖ്യ പ്രതിയടക്കം രണ്ടുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മന്‍സൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിന്‍, മൂന്നാംപ്രതി സംഗീത് എന്നിവരെയാണ് വ്യാഴാഴ്ച ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.

മോന്താല്‍ പാലത്തിനടുത്തായി ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

കേസിലെ രണ്ടാം പ്രതിയായ രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ ചൊക്യാട് നിന്ന് കണ്ടെത്തിയിരുന്നു.

വോട്ടെടുപ്പ് കഴിഞ്ഞ ഏപ്രില്‍ ആറിനാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ മന്‍സൂറിനും സഹോദരനും ആക്രമിക്കപ്പെടുന്നത്. വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് പോയാണ് ആക്രമിച്ചതെന്ന് മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ പറഞ്ഞിരുന്നു. പ്രതികളെ കണ്ടാല്‍ അറിയാമെന്നും അക്രമിച്ചത് ഇരുപതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും മുഹ്സിന്‍ പറഞ്ഞിരുന്നു.

മന്‍സൂറിന്റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്‌സാപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെ ആക്രമിക്കാമെന്ന തരത്തിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ ഫോണിലുണ്ടായിരുന്നു. ബോംബും വടിവാളുകളും ശേഖരിച്ചതും വാട്‌സാപ്പ് വഴിയെന്നാണ് പൊലീസിന്റെ നിഗമനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mansoor Murder Suhail Pullookkara Surrender