ഐ.പി.എല്ലില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന മുംബൈ ഇന്ത്യന്‍സിന് വിജയവഴിയില്‍ തിരിച്ചെത്താന്‍ ക്യാപ്റ്റന്‍സി ഹര്‍ദിക് പാണ്ഡ്യയില്‍ നിന്ന് രോഹിത് ശര്‍മയ്ക്ക് നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. മുംബൈക്ക് തെറ്റ് പറ്റിയതിന്റെ പ്രധാന കാരണം എന്താണെന്ന് കണ്ടെത്തണമെന്നും 2013 മുതല്‍ 2020 വരെ മുംബൈക്ക് വേണ്ടി രോഹിത് ശര്‍മ കിരീടം നേടിക്കൊടുത്തിട്ടുണ്ടെന്നും ഹര്‍ദിക്ക് വന്നതിന് ശേഷമാണ് ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായതെന്നും തിവാരി പറഞ്ഞു. മാത്രമല്ല രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കിയത് അനീതിയാണെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘സീസണില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയുന്നില്ല എന്നതിനര്‍ത്ഥം തെറ്റുകള്‍ ഈ വര്‍ഷം മാത്രമാണ് സംഭവിച്ചത് എന്നല്ല അര്‍ത്ഥമാക്കുന്നത്. അതിന്റെ പ്രധാന കാരണം എന്താണെന്ന് കണ്ടെത്തണം. 2013 മുതല്‍ 2020 വരെ മുംബൈ ഇന്ത്യന്‍സിന് നിരവധി കിരീടങ്ങള്‍ നേടിക്കൊടുത്തത് രോഹിത് ശര്‍മയാണ്.
ശ്രേയസ് അയ്യര്‍ മികച്ച ക്യാപ്റ്റന്‍സിയാണ് കാഴ്ചവെക്കുന്നത്. അതേസമയം മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സി വളരെ ദുര്‍ബലമാണ്. പരിഹാരമാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍, ഹര്‍ദിക് ക്യാപ്റ്റന്‍സിയില്‍ നിന്ന് പിന്മാറി ഉത്തരവാദിത്തം രോഹിതിന് തിരികെ നല്‍കണമെന്ന് ഞാന്‍ കരുതുന്നു. രോഹിത്തിനെ പുറത്താക്കിയപ്പോള്‍ നിങ്ങള്‍ ചെയ്തത് അനീതിയാണ്,’ മനോജ് തിവാരി പറഞ്ഞു.ഹര്‍ദിക് പാണ്ഡ്യയും രോഹിത് ശര്‍മയും
അഞ്ച് തവണ ഐ.പി.എല്‍ കിരീട ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന് ഇത്തവണത്തെ ഐ.പി.എല്‍ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. കളിച്ച അഞ്ച് മത്സരങ്ങളില്‍ നാല് മത്സരങ്ങളിലും പരാജയമാണ് മുംബൈ വഴങ്ങിയത്.
അതേസമയം കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് പഞ്ചാബ് വിജയക്കൊടി പാറിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.