അന്ന് ചിരിക്കില്ലെന്ന് പറഞ്ഞ് ട്രെയിനില്‍ വെച്ച് ആ നടന്റെ തലക്കടിച്ച് സത്യം ചെയ്യേണ്ടി വന്നു: മനോജ് കെ. ജയന്‍
Entertainment
അന്ന് ചിരിക്കില്ലെന്ന് പറഞ്ഞ് ട്രെയിനില്‍ വെച്ച് ആ നടന്റെ തലക്കടിച്ച് സത്യം ചെയ്യേണ്ടി വന്നു: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th June 2025, 1:05 pm

സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മനോജ് കെ. ജയന്‍. 36 വര്‍ഷത്തിന് മുകളില്‍ അഭിനയമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് അദ്ദേഹം. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെയാണ് മനോജ് സിനിമയില്‍ എത്തുന്നത്.

അതിനുശേഷം നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ചില തമിഴ്, തെലുങ്ക് സിനിമകളിലും മനോജ് കെ. ജയന്‍ അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹം അഭിനയിച്ച ആദ്യ തെലുങ്ക് ചിത്രമായിരുന്നു സരിഗമലു. മലയാള ചിത്രമായ സര്‍ഗത്തിന്റെ റീമേക്കായിരുന്നു ഇത്. ക്രാന്തി കുമാര്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ വിനീതും രംഭയും മനോജിനൊപ്പം അഭിനയിച്ചിരുന്നു.

വിനീതിന്റെയും ആദ്യ തെലുങ്ക് ചിത്രമായിരുന്നു സരിഗമലു. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീതിനൊപ്പം ഈ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് മനോജ് കെ. ജയന്‍.

‘ഞാനും വിനീതും ഒരുമിച്ചാണ് ആദ്യമായി ആ തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്. ഞങ്ങള്‍ അന്ന് തെലുങ്ക് ഡയലോഗ് പഠിച്ചത് വളരെ കോമഡിയാണ്. 12 മണി വരെ മുറിയുടെ പുറത്ത് പോയി നിന്നിട്ടാണ് ഡയലോഗ് പഠിച്ചിരുന്നത്.

‘നീ അങ്ങോട്ട് പോയ്‌ക്കോ, ഞാന്‍ ഇങ്ങോട്ട് പോകാം’ എന്ന് പറഞ്ഞ് രണ്ടാളും ഡയലോഗ് പഠിക്കാന്‍ വേണ്ടി രണ്ട് വഴിക്ക് പോകും. കാരണം, ഞാന്‍ തെലുങ്ക് പറഞ്ഞാല്‍ അപ്പോള്‍ വിനീത് ചിരിക്കുമായിരുന്നു.

അവിടേക്ക് പോകുന്നതിന് മുമ്പ് ട്രെയിനില്‍ നിന്ന് തലക്കടിച്ച് സത്യം ചെയ്തിട്ടാണ് പോയത്. ‘മലയാള പടമല്ല, തെലുങ്കാണ്. നിങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ ചിരിക്കും. ഞാന്‍ പറഞ്ഞാല്‍ നിങ്ങളും ചിരിക്കും. ചിരിക്കരുത്’ എന്ന് പറഞ്ഞ് സത്യം ചെയ്യേണ്ടി വന്നു.

ആ പടം എങ്ങനെ ചെയ്തു തീര്‍ത്തെന്ന് അറിയില്ല. മലയാളത്തില്‍ പരസ്പരം സംസാരിച്ചിരിക്കുന്ന ഞങ്ങള്‍ പെട്ടെന്ന് തെലുങ്കില്‍ സംസാരിക്കുമ്പോഴുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. അല്ലെങ്കിലേ അവന് ചിരിയാണ്,’ മനോജ് കെ. ജയന്‍ പറഞ്ഞു.

ആ സിനിമയുടെ സമയത്ത് ചിരി കാരണം തനിക്കും മനോജിനും പരസ്പരം കണ്ണില്‍ നോക്കാന്‍ സാധിച്ചില്ലെന്ന് വിനീതും അഭിമുഖത്തില്‍ പറയുന്നു. ഇരുവരും ഒരുമിക്കുന്ന ധീരന്‍ എന്ന സിനിമയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു നടന്മാര്‍.

‘അന്ന് ചിരി വരുന്നത് കാരണം ഞങ്ങള്‍ക്ക് പരസ്പരം കണ്ണിലേക്ക് നോക്കാന്‍ പറ്റില്ലായിരുന്നു. തെലുങ്ക് വളരെ മനോഹരമായ ഭാഷയാണ്. പക്ഷെ നമുക്ക് ഒരു അക്ഷരവും അറിയില്ലല്ലോ. മനോജ് വരെ ഇന്റന്‍സായും ഇമോഷണലായും സംസാരിക്കുമ്പോള്‍ ചിരി വരും. ഡയലോഗ് പറയാന്‍ പറ്റില്ല. ആ സിനിമ സംവിധാനം ചെയ്തതാകട്ടെ വളരെ സീനിയറായ സംവിധായകനായിരുന്നു,’ വിനീത് പറയുന്നു.


Content Highlight: Manoj K Jayan Talks About Vineeth And Telugu Film Shooting