മലയാളത്തിലെ ഏറ്റവും ധീരനായ നടന്‍; അദ്ദേഹം ആ ഡോറ് സിനിമാ സ്‌റ്റൈലില്‍ ചവിട്ടിപൊളിച്ചു: മനോജ് കെ. ജയന്‍
Entertainment
മലയാളത്തിലെ ഏറ്റവും ധീരനായ നടന്‍; അദ്ദേഹം ആ ഡോറ് സിനിമാ സ്‌റ്റൈലില്‍ ചവിട്ടിപൊളിച്ചു: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th June 2025, 2:57 pm

1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷത്തിന് മുകളിലായി അഭിനയമേഖലയില്‍ നിറഞ്ഞു നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഇതിനിടയില്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിക്കാന്‍ മനോജ് എന്ന നടന് കഴിഞ്ഞു. മലയാളത്തിനൊപ്പം ചില തമിഴ്, തെലുങ്ക് സിനിമകളിലും മനോജ് കെ. ജയന്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ സത്യന്‍ മാഷിനെ കുറിച്ച് പറയുകയാണ് നടന്‍. മലയാള സിനിമയില്‍ കണ്ട ഏറ്റവും ധീരനായ നടന്‍ ആരാണ് എന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് സത്യന്‍ മാഷിനെ കുറിച്ച് പറയുന്നത്. തന്റെ ഏറ്റവും പുതിയ ധീരന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.

‘ഓരോരുത്തരും പറഞ്ഞ് കേട്ടിടത്തോളം സത്യന്‍ മാഷ് നല്ലൊരു ധീരനായിരുന്നു. നല്ല ചങ്കൂറ്റമുള്ള ആളായിരുന്നു എന്നാണ് ഞാന്‍ കേട്ടത്. അദ്ദേഹം ആ കാലത്ത് ഒരു പൊലീസ് ഓഫീസര്‍ ആയിരുന്നല്ലോ.

സിനിമയിലെ പണ്ടത്തെ കാര്യങ്ങള്‍ പറയുമ്പോള്‍ പലരും സത്യന്‍ മാഷിന്റെ കാര്യം പറയുന്നത് ഞാന്‍ കേട്ടിരുന്നു. ‘സത്യന്‍ മാഷ് അന്ന് അത് ചെയ്തു, ഇത് ചെയ്തു’ എന്നൊക്കെ പറയുന്നത് കേള്‍ക്കാറുണ്ട്.

അങ്ങനെ ഞാന്‍ അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുള്ള ഒരു കാര്യം എനിക്ക് ഇന്നും നല്ല ഓര്‍മയുണ്ട്. ഏതോ സെറ്റില്‍ വെച്ച് ചെറിയ വിഷയം നടന്നു. അപ്പോള്‍ സത്യന്‍ മാഷ് ആ മുറിയുടെ ഡോറ് സിനിമയില്‍ കാണുന്നത് പോലെ ചവിട്ടി പൊളിച്ചു.

ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ മുറിയില്‍ ഉണ്ടായിരുന്ന ആ ആള്‍ ഇറങ്ങിയില്ല. സത്യന്‍ മാഷ് ചെന്ന് ചവിട്ടിയതും ആ മുറിയുടെ ഡോറ് രണ്ട് വഴിക്ക് പോയി. എന്തായിരുന്നു അന്ന് നടന്ന സംഭവമെന്ന് ഞാന്‍ പറയുന്നില്ല,’ മനോജ് കെ. ജയന്‍ പറഞ്ഞു.

ധീരന്‍:

ജാന്‍ എ.മന്‍, ജയ ജയ ജയ ജയഹേ, ഫാലിമി എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. ഫണ്‍ ആക്ഷന്‍ എന്റര്‍ടൈനറായിട്ടാണ് ഈ സിനിമ ഒരുങ്ങുന്നത്.

രാജേഷ് മാധവന്‍ നായകനാകുന്ന ഈ സിനിമയില്‍ ജഗദീഷ്, മനോജ് കെ. ജയന്‍, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ഒന്നിക്കുന്നത്. അവര്‍ക്ക് പുറമെ സുധീഷ്, വിനീത്, ശബരീഷ് വര്‍മ, സിദ്ധാര്‍ത്ഥ് ഭരതന്‍ ഉള്‍പ്പെടെയുള്ളവരും ധീരന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.


Content Highlight: Manoj K Jayan Talks About Sathyan Master