രാജമാണിക്യത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, അത് മമ്മൂക്കയുടെ നിര്‍ബന്ധം; പിന്നീട് ഞങ്ങള്‍ ഞെട്ടി: മനോജ് കെ. ജയന്‍
Entertainment
രാജമാണിക്യത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, അത് മമ്മൂക്കയുടെ നിര്‍ബന്ധം; പിന്നീട് ഞങ്ങള്‍ ഞെട്ടി: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th June 2025, 8:46 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മനോജ് കെ. ജയന്‍. മലയാളത്തിന് നിരവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതിലൊരു കഥാപാത്രമാണ് രാജസെല്‍വം. മമ്മൂട്ടിയുടെ രാജമാണിക്യം എന്ന ചിത്രത്തിലായിരുന്നു രാജസെല്‍വനായി മനോജ് എത്തിയത്.

ഇപ്പോള്‍ രാജമാണിക്യം സിനിമയിലെ തന്റെ ഡയലോഗുകളെ കുറിച്ചും ആ സിനിമയിലെ തിരുവനന്തപുരം സ്ലാങ്ങിനെ കുറിച്ചും പറയുകയാണ് മനോജ് കെ. ജയന്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ വളരെ ഹിറ്റായ ഒരു ഡയലോഗ് ആയിരുന്നു ‘അവന്റെ ആ പീറ കൂളിങ് ഗ്ലാസും തള്ളേ, പിള്ളേ, എന്തര് എന്നൊക്കെ പറഞ്ഞുള്ള ഒരു ഓഞ്ഞ ലാഗ്വേജും. ഇതൊന്നും അവന്റേത് അല്ലെന്ന് എനിക്ക് മനസിലായി. ഈ കാണുന്നത് അല്ലവന്‍. ഈ കാണിക്കുന്നതും അല്ലവന്‍’ എന്നത്.

രാജമാണിക്യം സിനിമയിലെ ഡയലോഗാണ് അത്. ആ ഡയലോഗ് അങ്ങനെ തന്നെ ആയിരുന്നു. ആദ്യമേ എഴുതി വെച്ച ഡയലോഗാണ് അത്. അല്ലാതെ നമ്മള്‍ കയ്യില്‍ നിന്ന് ഇട്ടതായിരുന്നില്ല അതൊന്നും.

‘കോട്ടയം കുഞ്ഞച്ചന് ആടുതോമയില്‍ ഉണ്ടായ ഒരു അപ്പിയറന്‍സും’ എന്നും അതില്‍ പറയുന്നുണ്ട്. അതുപോലെ ‘നശിച്ചവനാണ്. നശിപ്പിക്കും ഞാന്‍’ എന്ന ഡയലോഗുമുണ്ട്. ‘അമ്മേ, സന്തോഷമായി അമ്മേ’ എന്ന് പറയുന്ന ഒരു ഡയലോഗുമുണ്ട്.

അതൊക്കെ രാജമാണിക്യം സിനിമയില്‍ ഹൈലൈറ്റ് ചെയ്ത് പറയാന്‍ സാധിക്കുന്ന എന്റെ ഡയലോഗുകളാണ്. വളരെ രസമുള്ള ഷൂട്ടായിരുന്നു ആ സിനിമയുടേത്. പളനിയിലായിരുന്നു മെയിന്‍ ഷൂട്ടിങ് നടന്നിരുന്നത്.

മമ്മൂക്കയും ഞങ്ങളുമൊക്കെ പൊള്ളാച്ചിയിലെ ഒരു ഹോട്ടലില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. എല്ലാവരും കൂട്ടംകൂടി കോമഡിയൊക്കെ പറഞ്ഞ് ഇരിക്കുമായിരുന്നു. ഒരു രസമുള്ള സെറ്റായിരുന്നു രാജമാണിക്യത്തിന്റേത്.

പക്ഷെ അത് ഇത്രയും വലിയ ഹിറ്റാകുമെന്ന് സത്യത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല. ശരിക്കും ഞങ്ങള് ഞെട്ടിയിരുന്നു. റൈറ്റര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊക്കെ അതില്‍ തിരുവനന്തപുരം സ്ലാങ് വന്നാല്‍ സിനിമ തകര്‍ന്നു പോകില്ലേയെന്ന സംശയമായിരുന്നു.

ഇമോഷണലായ സീനില്‍ ‘നമ്മളില്ലേ’ എന്നൊക്കെ പറയാനുണ്ടായിരുന്നു. ഈ സ്ലാങ്ങില്‍ വന്നാല്‍ പ്രശ്‌നമാകില്ലേയെന്ന് പലരും സംശയിച്ചു. പക്ഷെ മമ്മൂക്ക വളരെ സ്‌ട്രോങ്ങായി തന്നെ നിന്നു. ഇത് ചെയ്താല്‍ നന്നാകുമെന്ന് അദ്ദേഹമാണ് പറഞ്ഞത്.

എല്ലാവരും പറയുന്നത് കേട്ടപ്പോള്‍ അത് ശരിയാകുമോയെന്ന് എനിക്കും പേടി ഉണ്ടായിരുന്നു. പക്ഷെ ആ സ്ലാങ് തന്നെയാണ് രാജമാണിക്യം സിനിമയില്‍ ഏറ്റവും വലിയ ഹൈലൈറ്റായി മാറിയത്,’ മനോജ് കെ. ജയന്‍ പറയുന്നു.


Coontent Highlight: Manoj K Jayan Talks About Rajamanikyam Movie And Mammootty