സല്ലാപത്തിനുശേഷം മഞ്ജുവിന്റെ സഹോദരവേഷം ചെയ്യാന്‍ കുടമാറ്റത്തിലേക്ക് വിളിച്ചിരുന്നു; അക്കാരണം കൊണ്ട് ഞാന്‍ ചെയ്തില്ല: മനോജ് കെ. ജയന്‍
Entertainment
സല്ലാപത്തിനുശേഷം മഞ്ജുവിന്റെ സഹോദരവേഷം ചെയ്യാന്‍ കുടമാറ്റത്തിലേക്ക് വിളിച്ചിരുന്നു; അക്കാരണം കൊണ്ട് ഞാന്‍ ചെയ്തില്ല: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 5:53 pm

മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. സല്ലാപം എന്ന സിനിമക്ക് ശേഷം മഞ്ജു വാര്യരുടെ സഹോദരന്റെ വേഷം ചെയ്യാന്‍ കുടമാറ്റം എന്ന സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നുവെന്ന് മനോജ് കെ. ജയന്‍ പറയുന്നു. എന്നാല്‍ ആവര്‍ത്തനവിരസത കാരണം താന്‍ അതില്‍നിന്ന് മാറിനിന്നെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചില്ലെങ്കിലും അന്നും ഇന്നും തനിക്കും മഞ്ജു വാര്യര്‍ക്കും ഇടയില്‍ നല്ല സൗഹൃദമുണ്ടെന്ന് നടന്‍ വ്യക്തമാക്കി. മഞ്ജു മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ടാലന്റ് കൊണ്ടാണ് മഞ്ജു ആ പദവി പിടിച്ചടക്കിയതെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.

‘സല്ലാപത്തിനുശേഷം മഞ്ജുവിന്റെ സഹോദരവേഷം ചെയ്യാന്‍ കുടമാറ്റം എന്ന ചിത്രത്തിലേക്കും വിളിച്ചിരുന്നു. പക്ഷേ, കഥാപാത്രത്തിന്റെ ആവര്‍ത്തനവിരസത കാരണം ഞാനതില്‍നിന്ന് മാറിനിന്നു. അതിനുശേഷം ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചത് സമ്മാനത്തിലാണ്. അതില്‍ മഞ്ജു എന്റെ നായികയായിരുന്നു. അപ്പോഴേക്കും അവള്‍ വലിയ താരമായിക്കഴിഞ്ഞിരുന്നു.

സെറ്റിലേക്ക് ഞാന്‍ പുതിയ കാറായ ഫോഡ് എസ് കോര്‍ട്ടിലാണ് വന്നത്. ആ കാറിനോട് അവള്‍ക്ക് ഭയങ്കര ഇഷ്ടമായിരുന്നു. പിന്നീട് ആ ലൊക്കേഷനില്‍നിന്ന് അടുത്ത ലൊക്കേഷനിലേക്കുള്ള യാത്രയില്‍ അവള്‍ എന്റെ കൂടെ കാറില്‍ കയറി. പിന്നീട് അതേ വണ്ടി അവള്‍ വാങ്ങിക്കുകയും ചെയ്തു. സമ്മാനവും ഹിറ്റായി.

കൂടുതല്‍ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചില്ലെങ്കിലും അന്നും ഇന്നും ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദമുണ്ട്. മഞ്ജുവിന്റെ തിരിച്ചുവരവില്‍ കരിങ്കുന്നം സിക്‌സേസ് എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചിരുന്നു. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്കായതിനാല്‍ എനിക്കതില്‍ അഭിനയിക്കാനായില്ല. മഞ്ജു ഇന്ന് മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാറാണ്, വലിയ സന്തോഷം. കാരണം ടാലന്റ് കൊണ്ടാണ് മഞ്ജു ആ പദവി പിടിച്ചടക്കിയത്,’ മനോജ് കെ ജയന്‍ പറയുന്നു.

Content Highlight: Manoj K Jayan Talks About Manju Warrier