'നീ പ്രേം നസീറിന്റെ സ്വഭാവം കാണിക്കാതെ സാധനമെടുത്ത് അടിക്കെടാ'യെന്ന് അദ്ദേഹം പറഞ്ഞു: മനോജ് കെ. ജയന്‍
Entertainment
'നീ പ്രേം നസീറിന്റെ സ്വഭാവം കാണിക്കാതെ സാധനമെടുത്ത് അടിക്കെടാ'യെന്ന് അദ്ദേഹം പറഞ്ഞു: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th June 2025, 8:11 pm

1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷത്തിന് മുകളിലായി അഭിനയമേഖലയില്‍ നിറഞ്ഞു നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഇതിനിടയില്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിക്കാന്‍ മനോജ് എന്ന നടന് കഴിഞ്ഞു. മലയാളത്തിനൊപ്പം ചില തമിഴ്, തെലുങ്ക് സിനിമകളിലും മനോജ് കെ. ജയന്‍ അഭിനയിച്ചിട്ടുണ്ട്.

1993ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വെങ്കലം എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് മനോജ്.

‘ഭരതേട്ടന്‍ ഒരിക്കല്‍ ഇവന്‍ പ്രേം നസീറിനെ പോലെയുള്ള സംഭവമാണല്ലോയെന്ന് പറഞ്ഞിരുന്നു. വെങ്കലം എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ സമയത്ത് നടന്ന കാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസമായിരുന്നു അത്.

ഭരതേട്ടനെ ഡ്രോപ്പ് ചെയ്ത ശേഷമാണ് ഞാന്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസ് വരുന്നത്. അന്ന് അദ്ദേഹം ‘നിനക്ക് ഇനിയെന്താ പരിപാടി’ എന്ന് ചോദിച്ചു. ഞാന്‍ മുറിയിലേക്ക് പോകുകയാണെന്ന് മറുപടി പറഞ്ഞു.

‘നീ എന്റെ കൂടെ വാടാ. റൂമില്‍ കയറിയിട്ട് പോകാം’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസമാണ് ഈ സംഭവമെന്ന് ഓര്‍ക്കണം. അന്നാണെങ്കില്‍ എനിക്ക് ഭരതേട്ടനുമായി അത്ര അടുപ്പമായിട്ടുമില്ല.

ഭരതേട്ടന്റെ കൂടെ അന്ന് ലളിത ചേച്ചിയും ഉണ്ടായിരുന്നു. അന്ന് റൂമില്‍ ചെന്നതും ഭരതേട്ടന്‍ ഒരു കുപ്പി എടുത്ത് മുന്നില്‍ വെച്ചു. രണ്ട് ഗ്ലാസില്‍ എടുത്തു. ഞാനാണെങ്കില്‍ ‘ആര്‍ക്കാകും ഈ ഒഴിക്കുന്നത്’ എന്ന് ആലോചിച്ച് നില്‍ക്കുകയാണ്.

പെട്ടെന്ന് എന്നോട് ഭരതേട്ടന്‍ ‘കഴിക്കെടാ’ എന്ന് പറഞ്ഞു. ഉടനെ ഞാനങ്ങനെ കഴിക്കാറില്ലെന്ന് പറഞ്ഞു. ‘നീ ഒരുമാതിരി പ്രേം നസീറിന്റെ സ്വഭാവം കാണിക്കാതെ സാധനം എടുത്ത് അടിക്ക്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി (ചിരി).

നസീര്‍ സാര്‍ വളരെ ഡിപ്ലോമാറ്റിക്കായിട്ട് സൂക്ഷിച്ചൊക്കെ സംസാരിക്കുന്ന ആളാണല്ലോ. അതുപോലെ ഒരു ഉദാഹരണം പറഞ്ഞതായിരുന്നു ഭരതേട്ടന്‍. അല്ലാതെ ഞാന്‍ ഒരിക്കലും നസീര്‍ സാറിനെ പോലെ അല്ലല്ലോ,’ മനോജ് കെ. ജയന്‍ പറയുന്നു.


Content Highlight: Manoj K Jayan Talks About Director Bharathan