ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടി, വിനു മോഹന്‍, മനോജ് കെ. ജയന്‍, ജനാര്‍ദ്ദനന്‍, ലക്ഷ്മി റായ്, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍, മൈഥിലി തുടങ്ങി വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു ചട്ടമ്പിനാട്. വീരേന്ദ്ര മല്ലയ്യ എന്ന കഥാപാത്രമായാണ് സിനിമയില്‍ മമ്മൂട്ടി എത്തിയത്.
2009ല്‍ പുറത്തിറങ്ങിയ ചട്ടമ്പിനാടിലെ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ദശമൂലം ദാമു എന്ന കഥാപാത്രം ഒരു ഐകോണിക് കോമഡി കഥാപാത്രമായി ഇപ്പോഴും തുടരുകയാണ്. ഇന്നും വലിയ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രം കൂടിയാണ് ചട്ടമ്പിനാട്.
ഇപ്പോള്‍ സിനിമയിലെ ഷൂട്ടിങ് സമയത്തെ അനുഭവം പങ്കുവെക്കുകയാണ് നടന്‍ മനോജ് കെ. ജയന്‍. ഒരിക്കല്‍ പൊള്ളാച്ചിയിലെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ മമ്മൂട്ടിയും സിദ്ദീഖും അവിടേക്ക് വന്ന തന്നെ നോക്കി ചിരിച്ചുവെന്നാണ് നടന്‍ പറയുന്നത്.
‘ചട്ടമ്പിനാട് സിനിമയുടെ ഷൂട്ടിങ് സമയത്ത് ഒരു സംഭവമുണ്ടായി. പൊള്ളാച്ചിയില്‍ വെച്ചായിരുന്നു അന്ന് ഷൂട്ട് നടന്നത്. അന്ന് എനിക്ക് 11 മണിക്ക് മാത്രമേ വര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. പക്ഷെ മമ്മൂക്കയും സിദ്ദീഖും രാവിലെ തന്നെ ഷൂട്ടിങ്ങിന് എത്തിയിരുന്നു.
ഞാന്‍ സെറ്റില്‍ എത്തുമ്പോള്‍ അവര് രണ്ടുപേരും അവിടെ ഉണ്ടായിരുന്നു. 11 മണിയായപ്പോള്‍ ഞാന്‍ സെറ്റില്‍ ചെന്ന് ഇറങ്ങി. വളരെ നല്ലൊരു ഷര്‍ട്ടും പാന്റ്‌സുമായിരുന്നു എന്റെ വേഷം. അന്ന് ഞാന്‍ വരുന്നത് കണ്ടിട്ട് മമ്മൂക്കയും സിദ്ദീഖും ഒരേ ചിരിയാണ്.
എന്നെ നോക്കിയാണ് രണ്ടാളും ചിരിക്കുന്നത്. അപ്പോള്‍ ഇവര്‍ എനിക്കിട്ട് എന്തോ പണിയുകയാണെന്ന് എനിക്ക് മനസിലായി. ഞാന്‍ അവരുടെ അടുത്തെത്തിയതും എന്താണ് ചിരിക്കുന്നതെന്ന് ചോദിച്ചു. അപ്പോള്‍ മമ്മൂക്കയാണ് മറുപടി പറഞ്ഞത്.
‘ഞാന്‍ ഇവനോട് പറയുകയായിരുന്നു, മലയാള സിനിമയില്‍ സിനിമാ നടനെ പോലെ നടക്കുന്ന ഒരാളേയുള്ളൂ. അത് മനോജ് കെ. ജയന്‍ ആണ്’ എന്നാണ് പറഞ്ഞത്. മമ്മൂക്കയാണ് പറയുന്നതെന്ന് ഓര്‍ക്കണം. അതുകൊണ്ട് ഞാന്‍ അത് ഒരു കോംപ്ലിമെന്റായിട്ട് എടുത്തു. കളിയാക്കുകയാകും എന്നൊന്നും ഞാന്‍ കരുതിയില്ല,’ മനോജ് കെ. ജയന്‍ പറഞ്ഞു.
Content Highlight: Manoj K Jayan Talks About Chattambinadu Movie Shooting Experience With Mammootty