36 വര്‍ഷത്തിന് മുകളിലായി അഭിനയമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
മലയാളത്തിനൊപ്പം ചില തമിഴ്, തെലുങ്ക് സിനിമകളിലും മനോജ് കെ. ജയന്‍ അഭിനയിച്ചിട്ടുണ്ട്. ഇതിനിടയില്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഇപ്പോള്‍ സിനിമയില്‍ ധീരമായി ചെയ്ത റോള്‍ ഏതായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മനോജ് കെ. ജയന്‍. തന്റെ ധീരന്‍ എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ധീരമായി ചെയ്ത റോള്‍ ഏതായിരുന്നുവെന്ന് ചോദിച്ചാല്‍ എനിക്ക് അര്‍ദ്ധനാരി സിനിമയില്‍ ചെയ്ത വേഷത്തെ കുറിച്ചാണ് പറയാനുള്ളത്. എനിക്ക് ഒട്ടും ചെയ്യാന്‍ പറ്റാത്ത ഒരു കഥാപാത്രമായിരുന്നു അത്. സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ ആ ചിന്ത എന്റെ മനസിലുണ്ടായിരുന്നു.
എം.ജി. ശ്രീകുമാര്‍ ചേട്ടന്‍ വീട്ടില്‍ വന്ന് കഥ പറയുകയായിരുന്നു. ഹിജഡയുടെ കഥാപാത്രം എന്നെ പോലെ മാന്‍ലി ഇമേജുള്ള ഒരാള്‍ എങ്ങനെ ചെയ്യുമെന്ന പേടി ഉണ്ടായിരുന്നു. ആ വേഷം എങ്ങനെ ചെയ്‌തൊപ്പിക്കുമെന്ന് എനിക്ക് സംശയമുണ്ടായിരുന്നു.
ആ റോള്‍ ചെയ്യുന്നത് വരെ എനിക്ക് വലിയ മാനസിക സമ്മര്‍ദ്ദമായിരുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഞാന്‍ ആദ്യം മുതല്‍ക്കേ ഒരു കണ്ടീഷന്‍ പറഞ്ഞിരുന്നു. കേരളത്തില്‍ എവിടെയാണ് ഷൂട്ടിങ് നടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ തിരുവനന്തപുരത്താണ് എന്നായിരുന്നു മറുപടി.
കേരളത്തില്‍ എവിടെയും ഷൂട്ടിങ് വെക്കില്ലെങ്കില്‍ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. അതായിരുന്നു അന്ന് ഞാന്‍ ആകെ പറഞ്ഞ കണ്ടീഷന്‍. തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ ചെയ്യാമെന്നും എനിക്ക് ഇവിടെ ഈ വേഷത്തില്‍ ചെയ്യാന്‍ പ്രയാസമാണെന്നും പറഞ്ഞു.
ആരെങ്കിലും കമന്റടിച്ചാല്‍ എന്റെ ഉള്ള കോണ്‍ഫിഡന്‍സ് മൊത്തം പോകുമെന്ന് ഉറപ്പാണ്. അങ്ങനെയാണ് തെങ്കാശിയില്‍ ഷൂട്ട് നടത്തുന്നത്. ആ സിനിമ ചെയ്യുക എന്നത് ഞാന്‍ കാണിച്ച ചങ്കൂറ്റം തന്നെയായിരുന്നു. കാരണം അത്രയും ടഫായിട്ടുള്ള റോളായിരുന്നു അത്,’ മനോജ് കെ. ജയന്‍ പറയുന്നു.
Content Highlight: Manoj K Jayan Talks About Ardhanaari Movie