തിരിച്ചറിവിന്റെ കാലമെന്നാണ് ആ മോഹന്‍ലാല്‍ ചിത്രത്തിന് കിട്ടുന്ന സ്വീകാര്യത കാണുമ്പോള്‍ തോന്നുന്നത്, പ്രേക്ഷകനെന്ന നിലയില്‍ സന്തോഷം: മനോജ് കെ. ജയന്‍
Entertainment
തിരിച്ചറിവിന്റെ കാലമെന്നാണ് ആ മോഹന്‍ലാല്‍ ചിത്രത്തിന് കിട്ടുന്ന സ്വീകാര്യത കാണുമ്പോള്‍ തോന്നുന്നത്, പ്രേക്ഷകനെന്ന നിലയില്‍ സന്തോഷം: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 3:34 pm

മൂന്ന് പതിറ്റാണ്ടിധികമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റുന്ന ഛോട്ടാ മുംബൈ എന്ന ചിത്രത്തിന്റെ റീ റിലീസിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. തിരിച്ചറിവിന്റെ കാലമാണ് ഇതെന്ന് ആ സിനിമക്ക് കിട്ടുന്ന സ്വീകാര്യത കാണുമ്പോള്‍ തനിക്ക് തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ ആ സിനിമയിലെ പാട്ടുകള്‍ക്ക് ആളുകള്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ ധാരാളമായി കാണുന്നുണ്ടെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.

 

ആ സിനിമ തിയേറ്ററുകളില്‍ ആഘോഷമാക്കുന്നത് കൂടുതലും യുവാക്കളാണെന്നും റിലീസിന്റെ സമയത്ത് അവരെല്ലാം കുട്ടികളായിരുന്നെന്നും താരം പറഞ്ഞു. ഇത്രയും കാലത്തിന് ആ സിനിമയെ വീണ്ടും ആഘോഷിക്കുന്നത് കാണുമ്പോള്‍ പ്രേക്ഷകനെന്ന നിലയില്‍ തനിക്ക് സന്തോഷം തോന്നുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. സ്റ്റെല്ല സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.

‘ഛോട്ടാ മുംബൈ തിയേറ്ററുകളില്‍ വീണ്ടും വന്നു. എല്ലാവരും അത് ആഘോഷമാക്കുകയല്ലേ. തിയേറ്ററുകളൊക്കെ പൂരപ്പറമ്പായി എന്ന് കേട്ടിട്ടേയുള്ളൂ, ഇപ്പോഴാണ് കാണുന്നത്. സത്യം പറഞ്ഞാല്‍, തിരിച്ചറിവിന്റെ കാലമാണ് ഇതെന്ന് ഈ സിനിമകള്‍ക്കൊക്കെ കിട്ടുന്ന സ്വീകാര്യത കാണുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നത്.

പടത്തിലെ പാട്ടുകള്‍ക്ക് ഓരോരുത്തരും ഡാന്‍സ് ചെയ്ത് തിമിര്‍ക്കുന്ന വീഡിയോ ഞാന്‍ ഒരുപാട് കാണുന്നുണ്ട്. കൂടുതലും ഇപ്പോഴത്തെ തലമുറയിലുള്ളവരാണ്. ഈ സിനിമ റിലീസായപ്പോള്‍ അവരെല്ലാം കൊച്ചുകുട്ടികളായിരുന്നു. അവര്‍ക്ക് അന്ന് ആഘോഷിക്കാന്‍ പറ്റാത്തത് ഇന്ന് ചെയ്യുന്നു. തലമുറകള്‍ കടന്നും ഇത്തരം സിനിമകള്‍ സെലിബ്രേറ്റ് ചെയ്യുമ്പോള്‍ സിനിമാപ്രേമി എന്ന നിലയിലും പ്രേക്ഷകന്‍ എന്ന നിലയിലും സന്തോഷമാണ്,’ മനോജ് കെ. ജയന്‍ പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഛോട്ടാ മുംബൈ. വിഷു റിലീസായെത്തിയ ചിത്രം മികച്ച വിജയം സ്വന്തമാക്കി. 18 വര്‍ഷങ്ങള്‍ക്കിപ്പുറം 4K സാങ്കേതികവിദ്യയുടെ സഹായത്തോടെ റീ റിലീസ് ചെയ്ത ചിത്രം പഴയതിനെക്കാള്‍ ആവേശത്തില്‍ പ്രേക്ഷകര്‍ വരവേറ്റു. പുത്തന്‍ റിലീസുകളെക്കാള്‍ മികച്ച പെര്‍ഫോമന്‍സാണ് ഛോട്ടാ മുംബൈ ബോക്‌സ് ഓഫീസില്‍ കാഴ്ചവെക്കുന്നത്.

Content Highlight: Manoj K Jayan express views on the reception of Chotta Mumbai Re Release