ക്ലൈമാക്സിന് മുമ്പ് മമ്മൂക്ക രഹസ്യമായി ചോദിച്ചു, എങ്ങനെ ആ കഥാപാത്രം ചെയ്യും? അത്രയും ടഫായിരുന്നു: മനോജ്.കെ.ജയൻ
Entertainment
ക്ലൈമാക്സിന് മുമ്പ് മമ്മൂക്ക രഹസ്യമായി ചോദിച്ചു, എങ്ങനെ ആ കഥാപാത്രം ചെയ്യും? അത്രയും ടഫായിരുന്നു: മനോജ്.കെ.ജയൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th February 2025, 5:17 pm

1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് മനോജ്.കെ.ജയന്‍. 36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര അഭിനേതാക്കളോടൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള മനോജ്.കെ.ജയൻ അനന്തഭദ്രം, സർഗം തുടങ്ങിയ സിനിമകളില്ലെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.

എന്നാൽ കരിയറിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായി തനിക്ക് തോന്നിയിട്ടുള്ളത് അർദ്ധനാരി എന്ന സിനിമയിലെ വേഷമാണെന്നും മാനസികമായി വളരെ പ്രയാസം തോന്നിയ കഥാപാത്രമായിരുന്നു അതെന്നും മനോജ്.കെ.ജയൻ പറയുന്നു. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ദ്രോണ എന്ന സിനിമയിൽ അത്തരത്തിലൊരു കഥാപാത്രം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും എങ്ങനെയാണ് അത് ചെയ്യുകയെന്ന് മമ്മൂട്ടി തന്നോട് ചോദിച്ചിട്ടുണ്ടെന്നും മനോജ്.കെ.ജയൻ കൂട്ടിച്ചേർത്തു.

‘ദ്രോണയിലെ ആ കഥാപാത്രം ഞാൻ ചെയ്യുന്നത് കണ്ട് മമ്മൂക്ക തന്നെ എന്നോട് ചോദിച്ചു, എങ്ങനെയാണ് ചെയ്യുന്നതെന്ന്.പുള്ളിക്കും ടെൻഷൻ ഉണ്ടായിരുന്നു. ക്ലൈമാക്സ് സീനിന്റെ ഒരുക്കങ്ങൾ നടക്കുമ്പോൾ മമ്മൂക്ക എന്നെ രഹസ്യമായി വിളിച്ചു. എന്നിട്ട് ചോദിച്ചു, എങ്ങനെയാണ് ഈ കഥാപാത്രം ചെയ്യാൻ പോകുന്നതെന്ന്. ഞാൻ പറഞ്ഞു, ഒരു ഐഡിയയുമില്ലായെന്ന്. എന്നാലും ഏകദേശം ഒരു ധാരണയുണ്ടായിരുന്നു.

കാരണം അത് അത്രയും ടഫ്‌ ആയ കഥാപാത്രമായിരുന്നു. അത്രയും നേരം ഡയലോഗ് പറഞ്ഞിട്ട് പെട്ടെന്ന് സ്ത്രൈണതയിലേക്ക് മാറണം. ഷാജി കൈലാസ് അത് ഭീകരമായി എടുത്തിട്ടുണ്ട്. അതൊക്കെ എന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. സത്യത്തിൽ ആ കഥാപാത്രം ചെയ്യാൻ എനിക്ക് നല്ല ചളിപ്പായിരുന്നു. കാരണം എങ്ങനെ അത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.

മുഖത്ത് മാത്രമല്ല കൈവിരലുകളിൽ പോലും ആ കഥാപാത്രം കൊണ്ടുവരണം. നടക്കുമ്പോഴും ആ കുണുക്കം ഉണ്ടാവണം. ആ സ്ത്രൈണത എല്ലായിടത്തും എത്തണമല്ലോ. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. ഞാൻ പിന്നെ അർദ്ധനാരി എന്ന സിനിമയൊക്കെ ചെയ്ത് അത് പരിപൂർണമാക്കിയതാണ്. അർദ്ധനാരി വളരെ ഹെവിയായിട്ടുള്ള സിനിമയായിരുന്നു. ദ്രോണയിൽ പിന്നെ ക്ലൈമാക്സിൽ മാത്രമാണല്ലോ ഉള്ളത്.

ഞാൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം അതാണെന്ന് തോന്നുന്നു. അനന്തഭദ്രമൊക്കെ കുഴപ്പമില്ലാതെ പോയിട്ടുണ്ട്. ബാക്കിയുള്ളതൊക്കെ എനിക്ക് സഹിക്കാവുന്നതായിരുന്നു. ആ കഥാപാത്രം മാനസികമായി എനിക്കൊരു ബുദ്ധിമുട്ടായിരുന്നു. ആളുകൾ കാണുമ്പോൾ എങ്ങനെ എടുക്കുമെന്ന ഒരു ചിന്തയായിരുന്നു. എന്നാൽ അത് കുഴപ്പമില്ലാതെ പോയിട്ടുണ്ട്,’മനോജ്.കെ.ജയൻ പറയുന്നു.

Content Highlight: Manoj.k.jayan About His Character In Ardhanari Movie