മലയാള സിനിമയിലെ മറ്റാര്‍ക്കും ഈ റോള്‍ ചെയ്യാനാകില്ല എന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ട്; പക്ഷെ എനിക്ക് ഒരു പടവും പെര്‍ഫെക്ടായി തോന്നിയിട്ടില്ല: മനോജ് കെ. ജയന്‍
Entertainment
മലയാള സിനിമയിലെ മറ്റാര്‍ക്കും ഈ റോള്‍ ചെയ്യാനാകില്ല എന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ട്; പക്ഷെ എനിക്ക് ഒരു പടവും പെര്‍ഫെക്ടായി തോന്നിയിട്ടില്ല: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th November 2022, 10:27 am

ചെയ്ത റോളുകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് അനശ്വരമായ ഒരുപിടി വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് മനോജ് കെ. ജയന്‍. കോമഡിയും വില്ലത്തരവും ക്യാരക്ടര്‍ വേഷങ്ങളും തുടങ്ങി വ്യത്യസ്തമായ റോളുകളില്‍ നടന്‍ തിളങ്ങിയിട്ടുണ്ട്.

എന്നാല്‍ ചെയ്ത ഒരു വേഷവും പൂര്‍ണമായും ഭംഗിയാക്കി ചെയ്തുവെന്ന് താന്‍ കരുതുന്നില്ലെന്നാണ് മനോജ് കെ. ജയന്‍ പറയുന്നത്. അനന്തഭദ്രത്തിലെ ദിഗംബരനടക്കം പല വേഷങ്ങളെ കുറിച്ചും ആളുകള്‍ അഭിനന്ദിച്ച് സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അഭിനയത്തെ കുറിച്ച് നടന്‍ സംസാരിച്ചത്.
ചെയ്തതില്‍ പിന്നീട് കാണുമ്പോള്‍ കൂടുതല്‍ നന്നാക്കാമായിരുന്നു എന്ന് തോന്നിയ റോള്‍ ഏതാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘ചെയ്തതില്‍ മിക്കവാറും സിനിമകളും അങ്ങനെയാണ് തോന്നിയിട്ടുള്ളത്. ഒരു പടവും പെര്‍ഫെക്ടായി ചെയ്തുവെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇത് ഞാന്‍ കലക്കി എന്ന് തോന്നുന്ന ഒറ്റ സിനിമയും ഞാന്‍ ചെയ്തിട്ടില്ല.

എന്നാല്‍ ചില റോളുകളെ കുറിച്ച് ആളുകള്‍ പറയാറുണ്ട്. അനന്തഭദ്രത്തിലെ ദിഗംബരനെ കുറിച്ചാണ് അധികവും പറഞ്ഞു കേള്‍ക്കാറുള്ളത്. ചേട്ടനല്ലാതെ മലയാള സിനിമയിലെ മറ്റാര്‍ക്കും ഇത് ചെയ്യാനാകില്ല എന്നെല്ലാം ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ‘ആഹാ കൊള്ളാലോ പരിപാടി’ എന്ന് ഞാന്‍ വിചാരിക്കാറുണ്ട്.

കാരണം ഞാന്‍ അങ്ങനെ ഒന്നും വിചാരിച്ചിട്ടല്ല ആ പടം ചെയ്തത്. പക്ഷെ ആളുകള്‍ അതിനെ കുറിച്ച് ഇങ്ങനെയൊക്കെ സംസാരിക്കുകയും കഥാപാത്രത്തെ ഏറ്റെടുക്കുകയും ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. അത് തന്നെയാണ് ഏറ്റവും വലിയ സമ്പാദ്യവും,’ മനോജ് കെ. ജയന്‍ പറഞ്ഞു.

ചെയ്തതില്‍ ഏറ്റവും മികച്ചതെന്ന് കരുതുന്ന വേഷങ്ങളെ കുറിച്ചും മനോജ് കെ. ജയന്‍ സംസാരിച്ചു. സര്‍ഗം, അനന്തഭദ്രം, പഴശ്ശിരാജ, അസുരവംശം എന്നീ ചിത്രങ്ങളിലെ വേഷങ്ങളാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.

സിനിമയില്‍ ആരോടും ഒരിക്കലും അവസരങ്ങള്‍ ചോദിക്കാറില്ലെന്നും അഭിമുഖത്തില്‍ മനോജ് കെ. ജയന്‍ പറയുന്നുണ്ട്. ചാന്‍സ് ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും എന്നാല്‍ തനിക്ക് അങ്ങനെ ചോദിക്കാന്‍ കഴിയാറില്ലെന്നുമാണ് മനോജ് കെ. ജയന്‍ പറയുന്നത്.

മനപ്പൂര്‍വമല്ല ചാന്‍സ് ചോദിക്കാത്തതെന്നും സാധിക്കാത്തത് കൊണ്ടാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാകാം സിനിമയിലെത്തി 35 വര്‍ഷം പിന്നിട്ടിട്ടും വളരെ കുറച്ച് പടങ്ങള്‍ മാത്രം ചെയ്യാനായതെന്നും അദ്ദേഹം പറഞ്ഞു.

സല്യൂട്ടാണ് നടന്‍ അഭിനയിച്ച് ഒടുവിലിറങ്ങിയ ചിത്രം. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നായ അജിത്ത് കരുണാകരനെയായിരുന്നു നടന്‍ അവതരിപ്പിച്ചത്. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാകുന്ന ലൂയിസാണ് മനോജ് കെ. ജയന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.

Content Highlight: Manoj K Jayan about his acting career