നിങ്ങളുടെ കൂടെ 18 പടങ്ങള്‍ ചെയ്തിട്ടും ഇതുപോലൊരു നല്ലവാക്ക് പറഞ്ഞിട്ടുണ്ടോ എന്ന് മമ്മൂക്കയോട് ചോദിച്ചു: മനോജ് കെ. ജയന്‍
Entertainment
നിങ്ങളുടെ കൂടെ 18 പടങ്ങള്‍ ചെയ്തിട്ടും ഇതുപോലൊരു നല്ലവാക്ക് പറഞ്ഞിട്ടുണ്ടോ എന്ന് മമ്മൂക്കയോട് ചോദിച്ചു: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 8:11 am

36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മമ്മൂട്ടിയെക്കുറിച്ചും ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചും സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. ജന്മദിനങ്ങള്‍ ആഘോഷിക്കാന്‍ താത്പര്യമില്ലാത്തയാളാണ് താനെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു. എന്നാല്‍ സല്യൂട്ട് എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഓരോ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ട് ബര്‍ത്ത് ഡേ ആഘോഷത്തിലേക്ക് എത്തിയെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ജന്മദിനം എന്നാണെന്ന് ദുല്‍ഖര്‍ തന്നോട് ചോദിച്ചെന്നും രണ്ട് ദിവസം കഴിഞ്ഞാല്‍ ബര്‍ത്ത്‌ഡേ ആയിരുന്നിട്ടും താന്‍ വേറൊരു ദിവസമാണ് ദുല്‍ഖറിനോട് പറഞ്ഞതെന്നും മനോജ് കെ. ജയന്‍ പറയുന്നു. ആ ഷെഡ്യൂള്‍ പിറ്റേന്ന് അവസാനിച്ചെന്നും ബര്‍ത്ത് ഡേയുടെ അന്ന് താന്‍ വീട്ടിലെത്തി സ്വസ്ഥമായി ഇരുന്നെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ ബര്‍ത്ത് ഡേ ആണെന്ന് ആരോ പറഞ്ഞിട്ട് ദുല്‍ഖര്‍ അറിഞ്ഞെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു. എന്നെ ഫോണില്‍ വിളിച്ചിട്ട് ഇന്ന് ബര്‍ത്ത് ഡേ ആണെന്ന് അറിഞ്ഞെന്നും ഭയങ്കര ചതിയായി പോയെന്ന് ദുല്‍ഖര്‍ പറഞ്ഞെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഇട്ടെന്നും അത് കണ്ട് തനിക്ക് സന്തോഷമായെന്നും മനോജ് കെ. ജയന്‍ പറഞ്ഞു.

അത് കണ്ട് താന്‍ മമ്മൂട്ടിയെ വിളിച്ചെന്നും ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയച്ചിട്ടും തന്നെക്കുറിച്ച് ഇതുപോലെ നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ എന്ന് മമ്മൂട്ടിയോട് ചോദിച്ചെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. ദുല്‍ഖറിന് എന്തും പറയാമല്ലോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടിയെന്നും മനോജ് കെ. ജയന്‍ പറയുന്നു. വെറൈറ്റി മീഡിയയോട് സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.

‘പണ്ടുതൊട്ടേ ബര്‍ത്ത്‌ഡേ ആഘോഷിക്കുന്നത് അത്രക്ക് ഇഷ്ടമില്ലാത്തയാളാണ് ഞാന്‍. സല്യൂട്ട് എന്ന പടത്തില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ദുല്‍ഖറിന്റെ കൂടെ അഭിനയിക്കുന്ന പടമായിരുന്നു അത്. ഷൂട്ടിന്റെ ഇടയില്‍ ഓരോന്ന് സംസാരിച്ച് ബര്‍ത്ത് ഡേ ആഘോഷത്തിലേക്ക് സംസാരം എത്തി. ‘ചേട്ടന്റെ ബര്‍ത്ത് ഡേ എന്നാണ്’ എന്ന് ദുല്‍ഖര്‍ ചോദിച്ചു. രണ്ട് ദിവസം കഴിഞ്ഞാല്‍, അതായത് മാര്‍ച്ച് 15ന് ബര്‍ത്ത് ഡേയാണ്. അത് പറഞ്ഞാല്‍ സെറ്റില്‍ കേക്ക് മുറിക്കുമെന്ന് അറിയാം.

അതുകൊണ്ട് ആ ഷെഡ്യൂള്‍ തീര്‍ന്നതിന് ശേഷമുള്ള ഒരു ഡേറ്റ് പറഞ്ഞു. ‘അയ്യോ ചേട്ടാ, ആ സമയത്ത് നമ്മുടെ ഷെഡ്യൂള്‍ തീരുമല്ലോ’ എന്ന് ദുല്‍ഖര്‍ പറഞ്ഞു. ബര്‍ത്ത് ഡേയുടെ അന്ന് എനിക്ക് ഷൂട്ട് ഉണ്ടായിരുന്നില്ല. വീട്ടില്‍ സ്വസ്ഥമായിട്ട് ഇരിക്കുകയായിരുന്നു. പക്ഷേ, ആരോ പറഞ്ഞിട്ട് ദുല്‍ഖര്‍ എന്റെ ബര്‍ത്ത് ഡേയുടെ കാര്യം അറിഞ്ഞു. അവന്‍ എന്നെ ഫോണ്‍ ചെയ്തു. ‘ചേട്ടാ, ഭയങ്കര ചതിയായിപ്പോയി’ എന്ന് അവന്‍ വിഷമം പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞ് അവന്‍ ഇന്‍സ്റ്റയില്‍ ഒരു പോസ്റ്റിട്ടു.

എന്റെ ഏറ്റവുമടുത്ത ഫ്രണ്ട്‌സ് പോലും അത്രക്ക് നല്ലൊരു വിഷ് തന്നിട്ടില്ല. നല്ല ലൈഫുള്ള വാക്കുകളായിരുന്നു അത്. വായിച്ചിട്ട് കണ്ണ് നിറഞ്ഞു. ഞാന്‍ മമ്മൂക്കയെ വിളിച്ചു. ‘പത്ത് പതിനെട്ട് പടം നിങ്ങളുടെ കൂടെ ചെയ്തിട്ടുണ്ടല്ലോ. ഇതുപോലൊരു നല്ലവാക്ക് നിങ്ങള്‍ പറഞ്ഞിട്ടുണ്ടോ’ എന്ന് മമ്മൂക്കയോട് ചോദിച്ചു. ‘അവന് എന്ത് വേണമെങ്കിലും പറയാമല്ലോ’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി,’ മനോജ് കെ. ജയന്‍ പറയുന്നു.

Content Highlight: Manoj K Jayan about Dulquer Salmaan’s birthday wish during Salute movie